കോവളം: രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികൾക്കായി നർമ്മിക്കുന്ന ഫ്ളാറ്റുകളുടെ രണ്ടാംഘട്ട നിർമ്മാണ പൂർത്തീകരണത്തിന് സംസ്ഥാനത്തിന്റെ വിഹിതമായ 6.4 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് എം. വിൻസെന്റ് എം.എൽ.എ ആവശ്യപ്പെട്ടു. നിയമസഭയിലെ
ചർച്ചക്കിടെ ധനകാര്യ വകുപ്പ് മന്ത്രിയോടാണ് എം.എൽ.എ ആവശ്യം ഉന്നയിച്ചത്. രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് പറഞ്ഞ് ആരംഭിച്ച പദ്ധതി തുടങ്ങി ആറുവർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തതോടെ ഫ്ളാറ്റ് നിർമ്മാണത്തിനായി വീടുകൾ വിട്ടുകൊടുക്കുകയും പകരം അധികൃതർ ഒരുക്കികൊടുത്ത താത്കാലിക ഷെഡുകളിൽ താമസം മാറ്റുകയും ചെയ്ത 50 കുടുംബങ്ങൾ നരകയാതനയാണ് അനുഭവിക്കുന്നത്. രണ്ടാംഘട്ട പദ്ധതിക്കുള്ള കേന്ദ്ര വിഹിതമായ 11.57 കോടി രൂപ സംസ്ഥാനത്തിന് കൈമാറിയിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നിട്ടും സംസ്ഥാന വിഹിതം നൽകാൻ വകുപ്പ് തയാറാകുന്നില്ല. സംസ്ഥാന വിഹിതം അടിയന്തിരമായി നൽകാൻ ധനകാര്യ മന്ത്രി നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു