തിരുവനന്തപുരം: ഇനി മുതൽ തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് താത്‌കാലിക ആവശ്യത്തിന് കാർ വാടകയ്ക്കെടുത്ത് ഓടിച്ചു പോകാം. സ്വകാര്യ കമ്പനിയുമായി ചേർന്ന് റെയിൽവേ നടപ്പിലാക്കുന്ന
'റെന്റ് എ കാർ" പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ നടന്നു.
രാജ്യത്ത് ആദ്യമായിട്ടാണ് റെയിൽവേ സ്റ്റേഷനുകളിൽ 'റെന്റ് എ കാർ" പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതി തിരുവനന്തപുരം സെൻട്രലിന് പുറമെ എറണാകുളം നോർത്ത്, സൗത്ത്, തൃശൂർ സ്റ്റേഷനുകളിലും ഇന്നലെ ആരംഭിച്ചു. യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിനു മുമ്പ് www.indusgo.in എന്ന വെബ്സൈറ്റിലൂടെ കാർ ബുക്ക് ചെയ്യാം. സ്റ്റേഷനിൽ എത്തുമ്പോഴേക്കും അവിടെ കാറുണ്ടാകും. ഒറിജിനൽ തിരിച്ചറിയിൽ കാർഡും ഡ്രൈവിംഗ് ലൈസൻസും കാണിച്ചാൽ കാറിന്റെ താക്കോൽ ലഭിക്കും.
അഞ്ച് മണിക്കൂറിന് 500 രൂപയാണ് നിരക്ക്. കാർ തിരികെ പദ്ധതിയുള്ള ഏതെങ്കിലും സ്റ്റേഷനിൽ എത്തിച്ചാൽ മതി. വരുമാനം കിട്ടുന്നത് മുതൽ മുടക്കില്ലാത്തതുമായ പദ്ധതികൾ ആരംഭിക്കാൻ റെയിൽവേ ഡിവിഷനുകൾക്ക് നേരത്തെ ഇന്ത്യൻ റെയിൽവേ അനുവാദം നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു മാസത്തേക്ക് 3.5 ലക്ഷം രൂപയാണ് ഇതിലൂടെ റെയിൽവേയ്ക്ക് ലഭിക്കുക.
സ്റ്റേഷനുകളുടെ വളപ്പിൽ അഞ്ച് കാറുകൾ പാർക്ക് ചെയ്യുന്നതിനും ഒരു കിയോസ്ക് സ്ഥാപിക്കുന്നതിനുള്ള സ്ഥലവുമാണ് സ്വകാര്യ കമ്പനിക്ക് റെയിൽവേ അനുവദിക്കുക. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ഡിവിഷണൽ സീനിയർ കൊമേഴ്സ് മാനേജർ രാജേഷ് ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.