വെഞ്ഞാറമൂട്: കാരേറ്റിലെ സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ചു കയറി ഡ്യൂട്ടി ഡോക്ടറെയും, ജീവനക്കാരെയും മർദ്ദിച്ച കേസിൽ റിട്ട. എസ്.ഐയെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുളിമാത്ത് കാരേറ്റ് തൃക്കാർത്തികയിൽ എ.ആർ ക്യാമ്പിലെ റിട്ട. എസ്.ഐ വേണുഗോപാലിനെയാണ് പിടികൂടിയത്. കേസിൽ ഇദ്ദേഹത്തിന്റെ മരുമകൻ അടക്കം മൂന്ന് പ്രതികളെ പിടികൂടാനുണ്ട്.
കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച 27കാരിയെ ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഇത് ചോദ്യം ചെയ്ത റിട്ട. എസ്.ഐയും സംഘവും ആശുപത്രി ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം റൂറൽ എസ്.പിക്ക് കൈമാറി. ഇതേ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.