തിരുവനന്തപുരം: ബ്യൂട്ടി പാർലർ തുടർന്നും നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി നാലുനില കെട്ടിടത്തിനു മുകളിൽക്കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്നലെ രാത്രി എട്ടോടെ തിരുമലയിലാണ് സംഭവം. നേപ്പാൾ സ്വദേശിനി കവിതയാണ് (35) തിരുമല രാജൻ ടെക്‌സ്‌റ്റൈൽസിന് സമീപമുള്ള കെട്ടിടത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. യുവതിയുടെ ഭർത്താവ് പത്മകുമാറും ഒപ്പമുണ്ടായിരുന്നു. പൊലീസ് എത്തിയതോടെ യുവതിയും ഭർത്താവും രണ്ടാം നിലയിലെ ബ്യൂട്ടിപാർലറിലെ മുറിയിൽ കയറി. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും താഴെയെത്തിച്ചത്. അതേസമയം യുവതിയും ഭർത്താവും മിക്കദിവസങ്ങളിലും മദ്യപിക്കുക പതിവാണെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയും ഇവർ മദ്യപിച്ചിരുന്നു. മദ്യപാനം കാരണം കടയൊഴിയാൻ ഉടമ നിർദ്ദേശിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവരെ പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോയ ശേഷം ഭർത്താവിനെ പൂജപ്പുര സ്‌റ്റേഷനിലും കവിതയെ വനിതാ പൊലീസ് സ്റ്റേഷനിലുമെത്തിച്ചു. പൂജപ്പുര പൊലീസ് കേസെടുത്തു.