പിന്നെ ഷാജി ചെങ്ങറയുടെ മുഖത്തേക്കു നോക്കിയില്ല മാളവിക. പണം ബാഗിൽ വച്ചുകൊണ്ട് തിടുക്കത്തിൽ തിരിഞ്ഞുനടന്നു.
വാതിൽക്കൽ എത്തുമ്പോൾ പിന്നിൽ ഷാജിയുടെ ശബ്ദം കേട്ടു:
''മാളവിക എന്റെ ഷോപ്പിലെ ജോലി ഉപേക്ഷിക്കില്ലെന്ന് ഞാൻ കരുതിക്കോട്ടെ. തനിക്ക് ഞാൻ ശമ്പളം കൂട്ടിത്തരികയും ചെയ്യാം."
മാളവിക മിണ്ടിയില്ല. തിരിഞ്ഞുനോക്കിയുമില്ല. വല്ലാതെ വിയർത്തിരുന്നു അവൾ.
ചുരിദാറിന്റെ ഷോൾത്തുമ്പുകൊണ്ട് മുഖം അമർത്തി തുടച്ചു.
പുറത്ത് എരിയുന്ന വെയിൽ.
ഗേറ്റിൽ ചെല്ലുമ്പോൾ തടിയൻ വാച്ചർ അവളെ നോക്കി വല്ലാത്ത ഭാവത്തിൽ ചിരിച്ചു.
മുഖം വെട്ടിത്തിരിച്ച് മാളവിക വിക്കറ്റ് ഗേറ്റു തുറന്ന് പുറത്തുകടന്നു. ബസ് സ്റ്റോപ്പിൽ എത്തുമ്പോൾ കണ്ടു, പാഞ്ഞുവന്ന ഒരു ഇന്നോവ കാർ ഷാജിയുടെ ഗേറ്റിനു മുന്നിൽ ബ്രേക്കിടുന്നു. വാച്ചർ ഗേറ്റു തുറന്നുകൊടുക്കുകയും ഇന്നോവ അകത്തേക്കു പോകുകയും ചെയ്തു.
മാളവികയുടെ മനസ്സിൽ ഒരു ഇടിമിന്നൽ പാഞ്ഞു. താൻ ബോധംകെട്ടു എന്നു വിചാരിച്ച് ഷാജി പറഞ്ഞ 'കൂട്ടുകാർ" ആയിരിക്കും അത്!
പെട്ടെന്നു ബസ്സ് വന്നു. അവൾ അതിലേക്ക് ഓടിക്കയറി...
****
മാളവിക പറഞ്ഞതെല്ലാം കേട്ട് മറ്റൊരു മരവിപ്പിലാണ് സിദ്ധാർത്ഥ് ഓട്ടോ ഓടിച്ചത്.
''താൻ പോന്ന വിവരമറിഞ്ഞ് അവന്മാർ പിന്നാലെ വന്നതു തന്നെയാ." സിദ്ധാർത്ഥ് പറഞ്ഞു.
മാളവിക ഒന്നു മൂളി.
ഓട്ടോ കോന്നി ടൗണിൽ എത്തിയിരുന്നു. പോലീസ് സ്റ്റേഷനു മുന്നിൽ അത് നിർത്തുമ്പോൾ സിദ്ധാർത്ഥ് ഓർമ്മപ്പെടുത്തി.
''ഒന്നും വിട്ടുപോകാതെ സി.ഐ ഇഗ്‌നേഷ്യസ് സാറിനോട് എല്ലാം പറയണം. അദ്ദേഹം നല്ല മനുഷ്യനാ."
മാളവിക തലയാട്ടി.
സിദ്ധാർത്ഥിനു പിന്നാലെ അവൾ സ്റ്റേഷനിലേക്കു നടന്നു.
അറിയാതെ കാലുകൾക്ക് ഒരു വിറയൽ. ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ കയറുന്നത്.
ചില സിനിമകളിലൊക്കെ കാണുന്നതുപോലെയുള്ള അനുഭവമായിരിക്കുമോ അവിടെനിന്നുണ്ടാകുന്നത് എന്ന് മാളവിക സംശയിച്ചു. എന്നാൽ, സിദ്ധാർത്ഥ് കൂടെയുള്ളതായിരുന്നു അവളുടെ ആശ്വാസം.
വിസിറ്റേഴ്സിന് ഇരിക്കാനിട്ടിരുന്ന ചെയറുകളിൽ അവർ ഇരുന്നു. പുറത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ഇന്നോവ കാർ കണ്ടില്ല. അതിൽ ഒരു പന്തികേടു തോന്നി സിദ്ധാത്ഥിന്.
പരിചയക്കാരാണ് പല പോലീസുകാരും. അവർ മാളവികയെയും അവനെയും നോക്കിയിട്ട് 'എന്താ വിഷയ'മെന്ന് ആംഗ്യത്തിൽ തിരക്കി.
''സാർ വിളിക്കുന്നു..." അവൻ മറുപടി പറയും മുൻപ് ഒരു കോൺസ്റ്റബിൾ വന്ന് അറിയിച്ചു.
''വരൂ മാളവികേ."
അവളെയും കൂട്ടി സിദ്ധാർത്ഥ് ഹാഫ്‌ഡോർ തുറന്ന് സി.ഐയുടെ ക്യാബിനിൽ കയറി.
ഇഗ്‌നേഷ്യസ് ഇരുവരെയും നോക്കി ഹൃദ്യമായി ചിരിച്ചു.
''വാടാ ഇരിക്ക്." അയാൾ കസേരയിലേക്കു കൈ ചൂണ്ടി.
സിദ്ധാർത്ഥ് ആദ്യം ഇരുന്നു. പക്ഷേ മാളവിക പരുങ്ങിനിന്നു.
''ഇരിക്കൂ. ഇത് ഇവിടെ വരുന്നവർക്ക് ഇരിക്കാനുള്ളതാ."
ഇഗ്നേഷ്യസിന്റെ പെരുമാറ്റം മാളവികയ്ക്ക് ഇഷ്ടമായി.
''ഇനി പറയൂ. എന്താണുണ്ടായത്?" ഇഗ്നേഷ്യസ് കൈകൾ മടക്കി മേശപ്പുറത്തുവച്ച് കസേരയിൽ മുന്നോട്ടാഞ്ഞിരുന്നു.
മാളവിക, സിദ്ധാർത്ഥിനെ നോക്കി. പറയാൻ അവനും ആംഗ്യം കാണിച്ചു.
മാളവിക പറഞ്ഞു, തുടക്കം മുതൽ... തന്നെ അവർ ഓട്ടോയിൽ നിന്ന് പിടിച്ചിറക്കിയതുവരെ.
ക്ഷമയോടെ കേട്ടിരുന്ന ഇഗ്‌നേഷ്യസ് അവസാനം തിരക്കി:
''നാളെ എത്രമണിക്കാ തന്റെ വിവാഹം?"
പൊടുന്നനെ മാളവികയുടെ കണ്ണുകൾ നിറഞ്ഞുതൂവി. ചുണ്ടുകൾ വിറച്ചു.
മറുപടി പറഞ്ഞത് സിദ്ധാർത്ഥാണ്.
''ആ വിവാഹം നടക്കില്ല സാർ."
''ങ്‌ഹേ?" ഇഗ്‌നേഷ്യസിന്റെ കണ്ണുകൾ ഇടുങ്ങി. അയാൾ നിവർന്നിരുന്നു.
''അതെന്താ?"
അതിനും സിദ്ധാർത്ഥ് തന്നെ ഉത്തരം കൊടുത്തു.
അല്പനേരത്തേക്ക് മിണ്ടിയില്ല ഇഗ്‌നേഷ്യസ്. ശേഷം ചുണ്ടനക്കി.
''അവിടേക്ക് ഫോൺ ചെയ്തതും ഇവന്മാർ തന്നെയാവും."
''അക്കാര്യത്തിൽ സംശയമില്ല." സിദ്ധാർത്ഥും സമ്മതിച്ചു.
ഇഗ്‌നേഷ്യസ്, മാളവികയ്ക്കു നേരെ തിരി ഞ്ഞു.
''കുട്ടി ഒന്നു പുറത്തിറങ്ങിയിരിക്കൂ."
അവൾ എഴുന്നേറ്റു പുറത്തേക്കു പോയി.
''സിദ്ധാർത്ഥ്." ശബ്ദം താഴ്‌ത്തി ഇഗ്‌നേഷ്യസ് വിളിച്ചു.
''സാർ..."
''തനിക്കറിയാമല്ലോ ഇവിടത്തെ രാഷ്ട്രീയക്കാരെ... അവന്മാരെയും കൊണ്ട് ഇവിടെയെത്തുന്നതിനു മുമ്പുതന്നെ പത്തോളം പേർ എന്നെ വിളിച്ചു. എല്ലാ രാഷ്ട്രീയപ്പാർട്ടിയിലും ഉള്ള നേതാക്കന്മാർ."
''എന്നിട്ട് ?" സിദ്ധാർത്ഥിനു ജിജ്ഞാസയായി.
''അവന്മാരെ ഉടൻ വിട്ടയയ്ക്കണമെന്നും കേസ് രജിസ്റ്റർ ചെയ്യരുതെന്നും ആയിരുന്നു അവരുടെ ആവശ്യം. ഞാൻ വഴങ്ങിയില്ല. അതോടെ അവർ മുകളിൽ പിടിമുറുക്കി. എസ്.പിയും വിളിച്ചു. ഞാൻ സമ്മതിച്ചില്ല. അവസാനം..."
ഇഗ്‌നേഷ്യസ് ഒന്നു നിറുത്തി.
സിദ്ധാർത്ഥിന്റെ ഹൃദയത്തിൽ പെരുമ്പറയുടെ മുഴക്കം.
സി.ഐ തുടർന്നു......
''അവസാനം ഹോംമിനിസ്റ്ററുടെ പി.എ എന്നെ നേരിട്ടു വിളിച്ചു..."
''എന്നിട്ട്?"
സിദ്ധാർത്ഥിന്റെ കാതുകൾ ജാഗരൂകമായി.
''സോറിയെടാ. എനിക്കും ഒരു പരിധിയില്ലേ? ഭരിക്കുന്നത് ഏത് നാറിയായാലും ആ വിഴുപ്പിനെയൊക്കെ ചുമക്കേണ്ട ചുമതല ഞങ്ങൾ പോലീസുകാർക്കല്ലേ... ഷാജി ചെങ്ങറയെപ്പോലെയുള്ളവന്മാർ പാർട്ടി ഫണ്ടിലേക്ക് ലക്ഷങ്ങൾ കൊടുക്കുമ്പോൾ അവരെ പ്രൊട്ടക്റ്റു ചെയ്യേണ്ട ബാദ്ധ്യത ഈ പറഞ്ഞ രാഷ്ട്രീയക്കാർക്കുണ്ടല്ലോ..."
സിദ്ധാർത്ഥിന്റെ ഞരമ്പുകൾ വലിഞ്ഞുമുറുകി.
(തുടരും)