കോട്ടയം : പ്രവാസിയായ ഇലന്തൂർ ഇടപ്പരിയാരം വിജയ വിലാസത്തിൽ കുഴിയിൽ സജീവൻ (55) മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ഇഴയുന്നു. 2019 ജൂലായ് 27 ന് വൈകിട്ട് 4.30 നാണ് മെഴുവേലിയിലുള്ള ഭാര്യ വീടിന് സമീപം സജീവിന് മർദ്ദനമേറ്റത്. കഴുത്തിന് മാരകമായി പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആഗസ്റ്റ് 1ന് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രേംലാൽ, അരുൺലാൽ എന്നിവരുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് അരുൺലാലിനെ അറസ്റ്റ് ചെയ്തു. എന്നാൽ ഒന്നാം പ്രതിയായ പ്രേംലാലിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
മകളുടെ പ്രണയ വിവരം അറിഞ്ഞാണ് ഗൾഫിൽ നിന്ന് സജീവ് നാട്ടിലെത്തിയത്. മകളുടെ കാമുകന് സജീവിന്റെ മരണത്തിൽ പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നെങ്കിലും ഇയാൾ നിരപരാധിയാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. ഇലവുംതിട്ട പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. ഇപ്പോൾ അന്വേഷണം ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഊർജിതമായ അന്വേഷണം ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും അവർ നാട്ടിൽ തന്നെ വിലസി നടക്കുകയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.