കൊച്ചി: മദ്യത്തിനും മയക്കുമരുന്നിനുമുള്ള തുക കണ്ടെത്താൻ വീനീത് ഇരുപതാം വയസിൽ നടത്തിയത് നിരവധി മോഷണവും പിടിച്ചു പറിയും. കൊച്ചിയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ഇവയിൽ ചെറുതും വലുതുമായ മോഷണങ്ങൾ ഉൾപ്പെടുന്നു.
ഇന്നലെയാണ് ബൈക്ക് മോഷണ കേസിൽ എടത്വ ചങ്ങംകരി സ്വദേശി വിനീത് എളമക്കര പൊലീസ് പിടിയിലായത്. മറ്റൊരു മോഷണക്കേസിൽ ജയിലിലായ വിനീത് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയായിരുന്നു ബൈക്ക് മോഷണം. കേസിൽ ചോദ്യം ചെയ്യലിൽ നിരവധി കേസുകളുടെ ചുരുളാണ് അഴിഞ്ഞതെന്ന് പൊലീസ് പറയുന്നു.
ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപത്തുള്ള പാർക്കിംഗ് സ്ഥലത്തു നിന്നാണ് ബൈക്ക് മോഷ്ടിച്ചത്. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ പാലാരിവട്ടം സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസിൽ കൂടി പ്രതിയ്ക്ക് പങ്കുള്ളതായി കണ്ടെത്തിയതായി എളമക്കര എസ്.ഐ. പ്രേംകുമാർ പറഞ്ഞു.
ജനുവരി 30 നു സ്റ്റേഡിയം പരിസരത്തു വച്ചു ഒരാളെ കുത്തി പരിക്കേൽപ്പിച്ച് പണവും മൊബൈലും കവർന്ന കേസിലും ഫെബ്രുവരി ഒമ്പതിന് ഡാർവിൻ എന്നയാളെ ആയുധവുമായി ആക്രമിച്ച് പണം തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണ്.