crime

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രി ഒൻപതിനെത്തിയ ധൻബാദ്- ആലപ്പുഴ എക്സ്‌പ്രസ് ട്രെയിനിൽ നിന്ന് ആർ.പി.എഫും എക്സൈസും ചേർന്ന് പിടിച്ചെടുത്തത് ആന്ധ്രാപ്രദേശിലെ 'കഞ്ചാവ് തോട്ട'ങ്ങളിൽ നിന്ന് കടത്തിയ കഞ്ചാവ്. ഇവിടെ വിളവെടുപ്പ് സീസൺ ആരംഭിച്ചതിനാൽ വൻതോതിലാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്. 'ശീലാബതി' ഇനത്തിൽപ്പെട്ട കൂടിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തത്.

ആലപ്പുഴ എക്സൈസ് റേഞ്ച് സ്പെഷ്യൽ സ്‌ക്വാഡും ആലപ്പുഴ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും നടത്തിയ സംയുക്ത പരിശോധനയിലാണ് ഉടമയില്ലാത്ത 60.5 കിലോ കഞ്ചാവ് കണ്ടെത്തിയത്. വിപണിയിൽ 60 ലക്ഷം വരെ വിലമതിക്കും. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ധൻബാദ് ട്രെയിനിൽ കഞ്ചാവ് വൻതോതിൽ കൊണ്ടുവന്ന് സംഭരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ആർ.പി.എഫുമായി ചേർന്ന് എക്സൈസ് സംഘം ട്രെയിനിൽ പരിശോധന നടത്തിയത്.

സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്ന് യാത്രക്കാർ ഇറങ്ങിയ ശേഷം നടത്തിയ പരിശോധനയിൽ ജനറൽ കമ്പാർട്ട്മെന്റിലെ സീറ്റിനടിയിൽ രണ്ട് ട്രോളിബാഗും മൂന്ന് തോൾബാഗുകളും കണ്ടെത്തി. ഇവ പരിശോധിച്ചപ്പോൾ രണ്ട് കിലോയിലധികം വരുന്ന 30 പാക്കറ്റുകളിലായി കഞ്ചാവ് കണ്ടെടുത്തു. സ്റ്റേഷനിലെയും സമീപസ്റ്റേഷനുകളിലെയും നിരീക്ഷണ കാമറകൾ പരിശോധിച്ചു പ്രതികളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് എക്സൈസ് സംഘം. കിലോയ്ക്ക് 2,000 മുതൽ 12,000 രൂപ വരെ വിലയിൽ ആന്ധ്രാപ്രദേശിൽ നിന്ന് കഞ്ചാവ് യഥേഷ്ടം ലഭിക്കും.

കഴിഞ്ഞ ഏപ്രിലിൽ ഉടമയില്ലാതെ എട്ടരകിലോ കഞ്ചാവ് ധൻബാദിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന് മുമ്പും നിരവധി തവണ ഇതേ ട്രെയിനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ടെങ്കിലും പലപ്പോഴും ഉടമയില്ലാത്ത നിലയിലാണ് ഇവ കാണപ്പെടുന്നത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജെ.റോയ്, ആർ.പി.എഫ്. സി.ഐ എം.എസ്. വീണ, സബ് ഇൻസ്പെക്ടർ സി.എൻ.ശശി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത റെയ്ഡിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ എ.സാബു, സിവിൽ എക്സൈസ് ഓഫീസർ ഷാജി എന്നിവരും പങ്കെടുത്തു.

ശക്തമായ നിരീക്ഷണം

മറ്റു സംസ്ഥാനങ്ങളിലെ കഞ്ചാവ് ഉത്പാദന കേന്ദ്രങ്ങളിലൂടെ കടന്നുവരുന്ന ട്രെയിനായതിനാലാണ് കഞ്ചാവ് കടത്തുകാർ ധൻബാദിനെ കഞ്ചാവ് കടത്താൻ ആശ്രയിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ധൻബാദ് എക്സ് പ്രസിൽ നിരീക്ഷണം ശക്തമായിരുന്നു. കഞ്ചാവ് കടത്തുന്നവർ ഇതേ ട്രെയിനിൽ തന്നെ ഉണ്ടാവാമെന്നും ആലപ്പുഴയിൽ എത്തിയ ശേഷം ട്രെയിനിൽ പരിശോധന ഇല്ലെന്ന് ഉറപ്പായാൽ മാത്രമേ ഇവർ സാധനം നീക്കുകയുള്ളൂവെന്നും എക്സൈസ് അധികൃതർ പറയുന്നു.