ആലുവ റെയിൽവേ സ്റ്റേഷനിലെ രാത്രി. അതാണ് ഞങ്ങളിൽ പ്രണയം മുളപ്പിച്ചത്. പാലക്കാട്ടുകാരിയായ ഞാൻ കൊല്ലം എസ്.എൻ.കോളേജിലേക്ക് ട്രെയിനിൽ വരികയാണ്. എസ്.എൻ കോളേജിൽ ഡിഗ്രി മാസ് കമ്മ്യൂണിക്കേഷൻ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ഞാൻ. ട്രെയിൻ ആലുവ എത്തിയപ്പോഴാണ് കൊല്ലത്ത് ഓഖി മുന്നറിയിപ്പുണ്ടാകുന്നത്. ഞാൻ അമ്മയെ വിളിച്ചപ്പോൾ തിരിച്ചു വരാൻ പറഞ്ഞു. പക്ഷേ, ട്രെയിൻ ഗതാഗതം താറുമാറായിരിക്കുന്നു. എസ്.എൻ കാേളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു അനന്ദു. എറണാകുളത്ത് എസ്.എഫ്.ഐ സമ്മേളനം നടക്കുന്നതിനാൽ അനന്ദു എറണാകുളത്തുണ്ടായിരുന്നു. ഞാൻ വിളിച്ചു, അവൻ ആലുവയിൽ ഓടിയെത്തി. സംസാരിച്ചും ചിരിച്ചും വിശേഷങ്ങൾ പങ്കുവച്ചും വൈകുന്നേരം മൂന്ന് മണി മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണി വരെ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്നു.ഒടുവിൽ ട്രെയിനെത്തിയപ്പോൾ സ്റ്റെപ്പിലിരുന്ന് ഒറ്റപ്പാലം വരെ യാത്ര. ആ യാത്ര ശരിക്കും പ്രണയത്തിലേക്ക് ചൂളം വിളിച്ചുകൊണ്ടുള്ള യാത്രയായി മാറുകയായിരുന്നു.
പ്രണയത്തെ എന്റെ വീട്ടുകാർ ശക്തമായി എതിർത്തു. വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായി. എനിക്ക് അനന്ദുവിന്റെ അച്ഛനും അമ്മയും അഭയം നൽകി. അവിടെ നിന്ന് ഞാനൊരു ജോലി നേടി. സ്വന്തമായി സമ്പാദിച്ചു. ഇപ്പോൾ പതിയെ പതിയെ എന്റെ വീട്ടിലെ എതിർപ്പുകൾ മാറി വരികയാണ്. ഇനി കല്യാണമാണ്. വേഗം കെട്ടണമെന്നൊന്നും ഞങ്ങൾക്കില്ല. സമയമാകുമ്പോൾ അത് നടക്കും. അതാണല്ലോ പ്രണയത്തിന്റെ ഒരിത്.