തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിശേഷങ്ങൾ പറഞ്ഞ് പറഞ്ഞാണ് ശബരിയും ഞാനും പ്രണയത്തിലായത്. പ്രചാരണം കഴിഞ്ഞ് എല്ലാ ദിവസവുമുള്ള വിശേഷങ്ങൾ ഫോണിലൂടെ ശബരി പറയുമായിരുന്നു. അങ്ങനെ പറഞ്ഞ് പറഞ്ഞ് അതൊരു പ്രണയമായി മാറി. ഐ.എ.എസുകാരിയായ ദിവ്യ എസ്. അയ്യർ പ്രണയതുടക്കത്തിന്റെ നാളുകളിലേക്ക് തിരിഞ്ഞു നടക്കുകയാണ്. ഞാൻ സബ് കളക്‌ടറായി തിരുവനന്തപുരത്തേക്ക് വന്നിട്ട് ആറുമാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ആദ്യം സംസാരിക്കുന്നത് ജില്ലയിലെ ആദിവാസിമേഖലയിലെ ഒരു പ്രശ്‌നത്തെക്കുറിച്ച്. സംസാരിച്ചുകഴിഞ്ഞപ്പോൾ സമാനമായ ആശയങ്ങൾ പിന്തുടരുന്നവരാണ് ഞങ്ങളെന്ന് പരസ്‌പരം തോന്നിയിരുന്നു.
വീട്ടിൽ നിന്നും നാട്ടിൽ നിന്നും ദൂരെ മാറി നിൽക്കുന്ന സമയമായിരുന്നു. അന്നാണ് ഞങ്ങൾ കൂടുതൽ സംസാരിക്കുന്നത്. ആ സമയത്താവാം ശബരിക്ക് വിവാഹം കഴിച്ചാൽ കൊള്ളാം എന്നൊരു ആഗ്രഹം തോന്നുന്നത്. ഫോർമലായിട്ടുള്ള പ്രൊപ്പോസൽ ഒന്നുമില്ലായിരുന്നു. എങ്കിലും വിൽ യൂ മേരീ മീ എന്ന് ചോദിച്ചത് ശബരിയായിരുന്നു.
സംഗീതം, അഭിനയം തുടങ്ങിയ താത്പര്യങ്ങളിലും സമാനതകളുണ്ടായിരുന്നു. അപരിചിതനായ ഒരാളോട് സംസാരിച്ചുതുടങ്ങുമ്പോൾ പ്രിയപ്പെട്ട പുസ്തകമേതാണ്, പാട്ട് ഏതാണ് തുടങ്ങിയ കാര്യങ്ങളാണല്ലോ ആദ്യം ചോദിക്കുന്നത്. അത്തരം ഇഷ്ടങ്ങൾ പങ്കുവച്ചപ്പോഴും ബൗദ്ധികമായും ഒരേനിലവാരം പുലർത്തുന്ന ആളാണെന്ന് തോന്നി. 'പങ്കാളിയെ സ്നേഹിക്കുക, പരസ്പരം മനസിലാക്കുക, നമ്മളിൽ നിന്നും വ്യത്യസ്തമായ ആശയങ്ങൾ ഉണ്ടെങ്കിൽ
അതു പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നൽകുക'- ഈ പ്രണയ ദിനത്തിൽ തങ്ങൾക്ക് നൽകാനുള്ള സന്ദേശം ഇതാണെന്ന് കെ.എസ്. ശബരിനാഥൻ എം.എൽ.എയും ദിവ്യയും പറയുന്നു.