trump

കാത്തിരിപ്പിനൊടുവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്കെത്തുകയാണ്. ഭാര്യ മെലാനിയയ്ക്ക് ഒപ്പമാണ് ട്രംപ് വരുന്നത്. അമേരിക്കയിലെ ഹൂസ്റ്റണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും ഒരുമിച്ച് പങ്കെടുത്ത ' ഹൗഡി മോദി ' പരിപാടി വൻ വിജയമായിരുന്നു. 50000ത്തിലേറെ പേർ പങ്കെടുത്ത ഈ പരിപാടിയുടെ മാതൃകയിൽ പ്രസിഡന്റായതിനുശേഷം ആദ്യമായി ഇന്ത്യയിലേക്കെത്തുന്ന ട്രംപിനെ സ്വീകരിക്കാൻ ഒരു ഗംഭീര പരിപാടി അണിയറയിൽ ഒരുങ്ങുകയാണ്; ' കെം ഛോ ട്രംപ് '!. ഈ മാസം 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം. ഗുജറാത്തിലെ അഹമ്മദാബാദിലെത്തുന്ന ട്രംപിന് സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിലാണ് ' കെ ഛോ ട്രംപ് ' എന്ന പേരിൽ രാജകീയ വരവേല്‌പ് നൽകുക. ഗുജറാത്തി ഭാഷയിൽ ' ഹൗഡി ( ഹൗ ആർ യു ) ' എന്നാണ് ' കെം ഛോ ' എന്ന വാക്കിനർത്ഥം.

ഇന്ത്യാ സന്ദർശനം ഇങ്ങനെ

 അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കും.

 ഗുജറാത്തിൽ സബർമതി ആശ്രമത്തിൽ നിന്നാണ് ട്രംപിന്റെ യാത്ര ആരംഭിക്കുന്നത്. തുടർന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ സർദാർ വല്ലഭായ് പട്ടേൽ സ്‌റ്റേഡിയം ട്രംപ് ഉദ്ഘാടനം ചെയ്യും.

 സബർമതി ആശ്രമവും ഹരിദയ് കുഞ്ച്, ഗാന്ധിജിയുടെ വീട് തുടങ്ങിയ പരിസരങ്ങളും മോദി ട്രംപിനും മെലാനിയയ്‌ക്കും പരിചയപ്പെടുത്തും.

 ആശ്രമ സന്ദർശത്തിനിടെ മഹാത്മാഗാന്ധിയുടെ ഇഷ്‌ടപ്പെട്ട സ്‌തുതിഗീതമായ ' വൈഷ്‌ണവ് ജൻ തോ ' പശ്ചാത്തല സംഗീതമായി മുഴങ്ങും.

 ആശ്രമ സന്ദർശനത്തിനുശേഷം ട്രംപിനെയും പത്നിയേയും മോദി സ്‌റ്റേഡിയത്തിലേക്ക് നയിക്കും.

 ഇന്ദിരാ ബ്രിഡ്‌ജ് വഴി കരമാർഗമോ അല്ലെങ്കിൽ ഹെലികോപ്ടർ വഴിയോ ആകാം ട്രംപ് സ്‌റ്റേഡിയത്തിലേക്കെത്തുക.

 വൈകിട്ടാണ് കെം ഛോ ട്രംപ് പരിപാടി നടക്കുക എന്നാണ് കരുതുന്നത്.

 ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തമായ ഏജൻസികളുടെയും കലാകാരന്മാരുടെയും നേതൃത്തിലുള്ള സാംസ്‌കാരിക വിരുന്ന് പരിപാടിയിൽ അരങ്ങേറും.

 ദാവൂദി ബോറ സമുദായത്തിൽപ്പെട്ടവരെ ചടങ്ങിൽ ക്ഷണിച്ചിട്ടുണ്ട്.

 2014ൽ മോദി അധികാരത്തിലേറ്റതിനുശേഷം ഇന്ത്യയിൽ ഔദ്യോഗിക സന്ദർശത്തിനെത്തിയ പല ലോകനേതാക്കളും അഹമ്മദാബാദിലും എത്തിയിട്ടുണ്ട്. 2014ൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, 2017ൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, 2018ൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ അഹമ്മദബാദ് സന്ദർശിച്ചിരുന്നു.

 മോദി - ട്രംപ് സുഹൃദ് ബന്ധം തുറന്നുകാട്ടുന്ന കെം ഛോ ട്രംപ് പരിപാടി കാണാനായി ഏകദേശം ഒരു ലക്ഷത്തോളം പേർ എത്തുമെന്നാണ് കരുതുന്നത്.

 ട്രംപ് കടന്നു പോകുന്ന റോഡുകൾ, സബർമതി ആശ്രമം, ക്രിക്കറ്റ് സ്‌റ്റേഡിയം എന്നിവിടങ്ങളെ അലങ്കരിക്കാനുള്ള ചുമതല രാജ്യത്തെ വിവിധ ഏജൻസികൾക്കാണ്. ആഭ്യന്തര മന്ത്രാലയം ശക്തമായ സുരക്ഷയാണ് ഇവിടെ ഒരുക്കുന്നത്. രണ്ട് ആഴ്‌ചകൾക്ക് മുമ്പ് തന്നെ കേന്ദ്ര ഗവൺമെന്റ് പ്രതിനിധികളും അമേരിക്കൻ എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും അഹമ്മദാബാദിലെ ഒരുക്കങ്ങളുടെ വിലയിരുത്തൽ തുടങ്ങിക്കഴിഞ്ഞു.

 25ന് ഡൽഹിയിലെത്തുന്ന ട്രംപും മെലാനിയയും മോദിയുമായി പ്രത്യേക ചർച്ച നടത്തും. ഡൽഹിയിൽ ട്രംപിന് പ്രത്യേക സ്വീകരണമൊരുക്കുന്നുണ്ട്. ഡൽഹിയിലെ ഐ.ടി.സി മൗര്യയിലാകും ട്രംപും മെലാനിയയും താമസിക്കുക എന്നാണ് വിവരം.

ഏറ്റവും വലുത്

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാകാനുള്ള ഒരുക്കത്തിലാണ് അഹമ്മദാബാദിലെ മോടേരയിലുള്ള സർദാർ പട്ടേൽ സ്‌റ്റേഡിയം. ട്രംപും മോദിയും ചേർന്നാണ് ഈ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യുക. സർദാർ പട്ടേൽ സ്‌റ്റേഡിയം പുതിക്കി പണിഞ്ഞാണ് ഇപ്പോൾ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാക്കി മാറ്റിയിരിക്കുന്നത്. ഒരുലക്ഷത്തോളം പേരെ ഉദ്ഘാടന ചടങ്ങിനുശേഷം ഇവിടെ നടക്കുന്ന ' കെം ഛോ ട്രംപ് ' പരിപാടിയിൽ ട്രംപ് അഭിസംബോദന ചെയ്യും.

പ്രത്യേകതകൾ

 മറ്റൊരു പേര് മൊടേര സ്‌റ്റേഡിയം

 1.10 ലക്ഷം കാണികളെ ഉൾക്കൊള്ളാനുള്ളശേഷി

 നവീകരണത്തിനായി ചെലവായത് 800 കോടി

 ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ നിലവിലെ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനെ കടത്തിവെട്ടും.

 ഒരു മെയിൻ ക്രിക്കറ്റ് ഗ്രൗണ്ട്, രണ്ട് ചെറിയ ക്രിക്കറ്റ് ഗ്രൗണ്ട്, നാല് ലോക്കർ റൂമുകൾ, 75 ശീതീകരിച്ച കോർപ്പറേറ്റ് ബോക്‌സുകൾ, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അംഗങ്ങൾക്കായുള്ള ക്ലബ് ഹൗസ് എന്നിവ ഇവിടെയുണ്ട്.

 55 റൂമുകളുള്ള ക്ലബ് ഹൗസ്, റെ‌സ്‌റ്റോറന്റ്, വലിയ സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, പാർട്ടി ഏരിയ എന്നിവയും സ്‌റ്റേഡിയത്തിലുണ്ട്.

 3,000 കാറുകളും 10,000 ടൂവീലറുകളും വഹിക്കാനുള്ള പാർക്കിംഗ് ഏരിയ

 ഭാവിയിൽ അന്താരാഷ്ട്ര മത്സരങ്ങളുടെ വേദി

 മുഖം മിനുക്കി അഹമ്മദാബാദ്

ട്രംപിന്റെ വരവോടെ ശരിക്കും കോളടിച്ചിരിക്കുന്നത് അഹമ്മദാബാദിലെ റോഡുകളാണ്. മെട്രോ നിർമാണം നടക്കുന്നതിന്റെ ഭാഗമായി ഏറെ നാളായി ഈ റോഡുകളെല്ലാം കേടുപാട് വന്ന നിലയിലായിരുന്നു. ട്രംപ് വരുന്നത് പ്രമാണിച്ച് ഈ റോഡുകളെല്ലാം നന്നാക്കിയെന്ന് മാത്രമല്ല, ട്രംപ് കടന്നു വരുന്ന പ്രധാന റോഡിൽ ചിൻമയ്ഭായ് പട്ടേൽ ബ്രിഡ്‌ജ് മുതൽ മോടെര വരെ 1.5 ലക്ഷം പൂച്ചെട്ടികൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യും. ചെറുപാതകൾ ഉൾപ്പെടെ ഏകദേശം 16 റോഡുകളാണ് സർദാർ വല്ലഭായ് പട്ടേൽ സ്‌റ്റേഡിയത്തിലേക്കുള്ളത്. ട്രംപിന്റെ വരവ് പ്രമാണിച്ച് ഈ റോഡുകളിലെല്ലാം നവീകരണങ്ങൾ നടക്കുകയാണ്. 50 കോടിയിലേറെ രൂപ ചെലവഴിച്ചാണ് ട്രംപ് കടന്നു പോകുന്ന റോഡുകൾ മിനുക്കി അലങ്കരിക്കുന്നത്. പാതയുടെ ഇരുവശത്തും അലങ്കാര വിളക്കുകളും സ്ഥാപിക്കും. എന്നാൽ ട്രംപിന്റെ അഹമ്മദാബാദ് സന്ദർശനം വൈകിട്ട് വരെ നീളുമോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമ അറിയിപ്പുണ്ടായിട്ടേ അതിനൊരു തീരുമാനമാകു. ഫുട്പാത്തുകളിലെല്ലാം പുതിയ ബ്ലോക്കുകൾ പാകിക്കഴിഞ്ഞു. കുറ്റിക്കാടുകളെല്ലാം തെളിച്ച് തെരുവ് വിളക്കുകളും സ്ഥാപിച്ചു. ബോഗൺവില്ല, മഞ്ഞ അരളി, പെറ്റ്യൂണിയ, ഡൈയാന്തസ്, പൊയിൻസെറ്റിയ തുടങ്ങിയ ഇനം പൂക്കളാണ് അലങ്കാരത്തിനുപയോഗിക്കുന്നത്. പൂച്ചെട്ടികൾക്ക് 2 കോടിയോളമാണ് ചെലവ്.

 ഈ മാസം അവസാനം ട്രംപിനൊപ്പം ഇന്ത്യയിലെത്തുന്നതിന്റെ ത്രില്ലിലാണത്രേ ഭാര്യ മെലാനിയ ട്രംപ്. യു.എസിന്റെ പ്രഥമ വനിതായയതിനുശേഷമുള്ള തന്റെ ആദ്യ ഇന്ത്യാസന്ദർശനമാണ് ഇതെന്നും ഈ അവസരത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ആഘോഷിക്കാനുള്ള സമയമാണിതെന്നും മെലാനിയ ട്വീറ്റ് ചെയ്‌തിരുന്നു. ഇന്ത്യയിലേക്ക് ക്ഷണിച്ചതിന് മോദിയ്‌ക്ക് മെലാനിയ പ്രത്യേക നന്ദിയും അറിയിച്ചു.