ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതയിൽ തിരുവനന്തപുരം റോഡിൽ എസ്.എൻ ടെക്സ്റ്റയിൽസിന് സമീപം സ്വകാര്യവ്യക്തി റോഡ് കൈയേറി നിർമ്മാണം നടത്തിയ ബിൽഡിംഗിലെ സ്റ്റെയർകേസ് പതിനഞ്ച് ദിവസത്തിനകം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകി. കഴിഞ്ഞ സെപ്റ്റംബറിൽ പഞ്ചായത്ത് എൽ.എസ്.ഡി.ജി വിഭാഗം അസി.എൻജിനീയർ നടത്തിയ പരിശോധനയിൽ ബിൽഡിംഗിന്റെ സ്റ്റെയർ കേസ് റോഡ് കയ്യേറിയാണ് നിർമ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ദേശീയപാതക്കായി വിട്ടുനൽകിയ 30.2 മീറ്ററിൽ നിന്നും 20 സെന്റിമീറ്ററോളം ദേശീയപാതയിൽ നിന്നും അധികം ഏറ്റെടുത്ത് അനധികൃതമായാണ് സ്വകാര്യവ്യക്തി കെട്ടിടത്തിന്റെ സ്റ്റെയർകേസ് നിർമ്മിച്ചതെന്ന് പ്രാഥമികാന്വേഷണത്തിൽ എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനീയർ കണ്ടെത്തി. കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് മുമ്പും കെട്ടിട ഉടമയ്ക്ക് സെക്രട്ടറി കത്ത് നൽകിയെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. പഞ്ചായത്ത് നിർദ്ദേശം പാലിക്കാത്ത പക്ഷം എൽ.എസ്.ജി.ഡി വിഭാഗം ഇടപെട്ട് സ്റ്രെയർകേസ് പൊളിക്കാനുള്ള നടപടി പഞ്ചായത്ത് ആരംഭിക്കുമെന്നും സെക്രട്ടറി പറഞ്ഞു. ഇതിന്റെ ഭാഗമായി എസ്റ്റിമേറ്റ് നടപടികളും തുടങ്ങി. നഷ്ടപരിഹാരം ഉടമയിൽ നിന്നും ഈടാക്കുമെന്നും പഞ്ചായത്ത് അറിയിച്ചു. റോഡ് കൈയേറിയതിനെതിരെ പ്രതിഷേധവുമായി ബാലരാമപുരം പൗരസമിതിയും രംഗത്തുണ്ട്.