പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ചുമതലപ്പെട്ട പൊലീസ് സേനയ്ക്ക് സ്വന്തം വെടിക്കോപ്പുകൾ ശരിയായി സൂക്ഷിക്കാനാവില്ലെന്നു വരുന്നതിൽക്കവിഞ്ഞ ഒരു നാണക്കേടില്ല. സംസ്ഥാന പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായതിനെക്കുറിച്ച് പരാമർശമുള്ള സി.എ.ജി റിപ്പോർട്ട് ലാഘവത്തോടെ കാണേണ്ട ഒന്നല്ല. യഥാർത്ഥ വസ്തുതകൾ ഒരുപക്ഷേ ഇങ്ങനെയായിരിക്കണമെന്നില്ല. കണക്കുകൾ സൂക്ഷിക്കുന്നതിൽ സർക്കാർ വകുപ്പുകളിൽ സ്വതേ കാണുന്ന അലംഭാവവും ഗുരുതര വീഴ്ചയുമൊക്കെ ഈ സംഭവത്തിലും കാണാൻ സാദ്ധ്യതയുണ്ട്.
പ്രശ്നം അതല്ല. നിയമസഭയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച സി.എ.ജി റിപ്പോർട്ട് പൊതുരേഖയായിക്കഴിഞ്ഞ സ്ഥിതിക്ക് പൊലീസിനെയും സംസ്ഥാനത്തിന്റെ സുരക്ഷയെയും ബാധിക്കുന്ന അതിപ്രധാന പ്രശ്നമെന്ന നിലയിൽ അതിന് വലിയ പ്രാധാന്യം കൈവന്നുകഴിഞ്ഞു. ജനങ്ങളുടെ മനസിൽ ധാരാളം സംശയങ്ങളും കടന്നുകൂടിയിട്ടുണ്ട്. എത്രയും വേഗം ദൂരീകരിക്കേണ്ട സംശയങ്ങളാണത് എന്നതിലും തർക്കമുണ്ടാകാനിടയില്ല. അടിയന്തരമായി സർക്കാർ എന്തെങ്കിലും ചെയ്തേ മതിയാവൂ. സേനയുടെ നവീകരണത്തിനായി അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചതും ചട്ടങ്ങൾ കാറ്റിൽ പറത്തി വാഹനങ്ങൾ വാങ്ങിയതും ക്വാർട്ടേഴ്സ് നിർമ്മാണത്തിനുള്ള പണമെടുത്ത് ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നതന്മാർക്ക് ആഡംബര മന്ദിരങ്ങൾ നിർമ്മിച്ചതുമൊക്കെ ക്രമക്കേടുകളായി സി.എ.ജി അക്കമിട്ടു പറയുന്നുണ്ട്. എന്നാൽ ഇത്തരം ക്രമക്കേടുകളെക്കാൾ ഗുരുതര സ്വഭാവത്തിലുള്ളതാണ് ആയുധങ്ങളും തിരകളും കാണാതായെന്ന കണ്ടെത്തൽ.
അതിനെക്കാളും ആശങ്കയുളവാക്കുന്നതാണ് കാണാതായ തിരകൾക്കു പകരം വ്യാജമായി ഉണ്ടകൾ നിർമ്മിച്ച് കള്ളം മറച്ചുവയ്ക്കാൻ നടത്തിയ ശ്രമം. തിരുവനന്തപുരത്തെ സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നാണ് 25 റൈഫിളുകളും എ.കെ. 47 തോക്കിന്റെ തിരകളും ഉൾപ്പെടെ വെടിക്കോപ്പുകൾ കാണാതായിരിക്കുന്നത്. അഞ്ചും പത്തുമൊന്നുമല്ല 12,061 വെടിയുണ്ടകൾ കാണാനില്ലെന്നാണ് സി.എ.ജി റിപ്പോർട്ട്. തോക്കുകൾ പരിശീലനത്തിനുവേണ്ടി ക്യാമ്പുകളിലേക്കു കൊണ്ടുപോയിട്ടുണ്ടാകുമെന്ന വിശദീകരണം പരിശോധനകളിൽ സത്യമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കണക്കുകൾ സൂക്ഷിക്കുന്നതിലെ പിഴവുകളിൽ നിന്ന് പൊലീസ് സേനയും മുക്തമല്ലെന്നു വാദിച്ചേക്കാമെങ്കിലും ഇത്രയധികം തിരകളും 25 ഇൻസാസ് തോക്കുകളും അപ്രത്യക്ഷമായതിനു പിന്നിലെ രഹസ്യം കണ്ടെത്തുക തന്നെ വേണം. ആയുധ സൂക്ഷിപ്പ് ഇത്തരത്തിലാണെങ്കിൽ ആരെ വിശ്വസിച്ചാണ് തോക്കുകളും വെടിയുണ്ടകളും അവരെ ഏല്പിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സർക്കാർ എത്രയും വേഗം സമഗ്ര അന്വേഷണത്തിന് ഉത്തരവിടേണ്ടതാണ്. ആയുധ സൂക്ഷിപ്പിന്റെ ചുമതലക്കാരിൽ വീഴ്ച വരുത്തിയവരെ ഒന്നൊഴിയാതെ കണ്ടെത്തുകയും വേണം. 2008 മുതലുള്ള കണക്കു സൂക്ഷിപ്പാണ് സംശയ നിഴലിലായിരിക്കുന്നത്. വെടിയുണ്ടകളിൽ കാണുന്ന കുറവുകളെപ്പറ്റി 2015 മുതൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. അതിനുശേഷവും ധാരാളം വെടിയുണ്ടകൾ എവിടെയോ പോയി മറഞ്ഞുവെന്നാണല്ലോ സി.എ.ജിയുടെ പരിശോധനകളിൽ തെളിഞ്ഞത്. വിവരം അറിഞ്ഞിട്ടും അന്വേഷിക്കാൻ മിനക്കെടാതെ സംഭവം മൂടിവയ്ക്കാനാണ് ചുമതലപ്പെട്ടവർ ശ്രമിച്ചത്. ആയുധപ്പുരയിൽ നിന്ന് ഉത്തരവാദപ്പെട്ടവർ അറിയാതെ ഒന്നും പുറത്തുപോകില്ലെന്നു വ്യക്തം. അപ്പോൾ ചുമതലപ്പെട്ടവർ അറിഞ്ഞു തന്നെയാകണം തോക്കുകൾക്കൊപ്പം പന്തീരായിരത്തിൽപ്പരം വെടിയുണ്ടകളും അപ്രത്യക്ഷമായിട്ടുള്ളത്.
ചങ്ങലയ്ക്കു ഭ്രാന്തുപിടിക്കുന്ന അവസ്ഥ പോലെയാണ് പൊലീസിന്റെ വെടിയായുധങ്ങൾ കാണാനില്ലെന്ന സംഭ്രമജനകമായ വാർത്ത. കള്ളത്തരങ്ങളും ക്രമക്കേടുകളും അന്വേഷിച്ചു കണ്ടുപിടിക്കേണ്ട പൊലീസ് സേനയിൽത്തന്നെ കാര്യങ്ങൾ ഇത്തരത്തിൽ കുത്തഴിഞ്ഞാണു നടക്കുന്നതെങ്കിൽ പൊളിച്ചെഴുത്തു തന്നെ വേണ്ടിവരും. വീഴ്ച വരുത്തിയവർ എത്ര ഉന്നതരാണെങ്കിലും നടപടി എടുക്കുകതന്നെ വേണം. സർക്കാരിന്റെ സൽക്കീർത്തിയെ ബാധിക്കുന്ന വിഷയം കൂടിയാണിത്. പൊലീസിന്റെ ഉന്നതങ്ങളിൽ നടമാടുന്ന വഴിവിട്ട ഇതുപോലുള്ള ഇടപാടുകൾ സേനയെ മൊത്തത്തിൽ ബാധിക്കും. സാധന സാമഗ്രികൾ വാങ്ങുന്നതിൽ നടക്കുന്ന ക്രമക്കേടുകളും ഒത്തുകളിയും രഹസ്യമൊന്നുമല്ല. സി.എ.ജി റിപ്പോർട്ടിലും അതേപ്പറ്റി ധാരാളം പരാമർശങ്ങളുണ്ട്. ഇവയ്ക്കെല്ലാം സമാധാനം പറയേണ്ട ഗതികേടിലാണ് സർക്കാർ ഇപ്പോൾ. പൊലീസിനെ പൂർണ വിശ്വാസത്തിലെടുക്കാതെ ഒരു സർക്കാരിനും മുന്നോട്ടു പോകാനാവില്ലെന്നതു ശരിയാണ്. അതേസമയം ആ വിശ്വാസം മുതലെടുക്കാൻ സാമർത്ഥ്യമുള്ളവരും സേനയിലുണ്ടാകുമെന്ന മറ്റൊരു സത്യം സർക്കാരിനും പാഠമാകേണ്ടതാണ്.
വലിയൊരു ആയുധമായി പ്രതിപക്ഷം സി.എ.ജി റിപ്പോർട്ടിനെ ഉപയോഗപ്പെടുത്തുമെന്നതിൽ സംശയം വേണ്ട. കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് അവർ രംഗത്തിറങ്ങിക്കഴിഞ്ഞു. ജനങ്ങളിലും ഒട്ടധികം സംശയങ്ങളുടെ വിത്തുകൾ വീണിട്ടുണ്ട്. യഥാർത്ഥ വസ്തുതകൾ കണ്ടെത്തി ജനമനസുകളിൽ ഇതുസംബന്ധിച്ച് കടന്നുകൂടിയിട്ടുള്ള സംശയങ്ങളും ആശങ്കകളും ഇല്ലാതാക്കാൻ സർവസ്പർശിയായ അന്വേഷണത്തിലൂടെയേ സാദ്ധ്യമാകൂ. സർക്കാർ അതിനായി മുന്നോട്ടുവരുമെന്നാണു പ്രതീക്ഷ. തോക്കുമായി റോഡിലൂടെ പോകുന്ന പൊലീസിനെ കണ്ട് ആളുകൾ പരിഹസിച്ചു ചിരിക്കുന്ന സന്ദർഭം ഉണ്ടാക്കരുത്.