raju

തിരുവനന്തപുരം: "മുജെ ഹിന്ദി നഹീം മാലൂം...!" എനിക്ക് അറിയാവുന്ന ഹിന്ദിയിൽ ഞാൻ അവരോട് പറഞ്ഞൊപ്പിച്ചു.ദേശീയ ഹിന്ദി അക്കാഡമിയുടെ പ്രതിഭാ മിലൻ അവാർഡ്ദാന ചടങ്ങിലാണ് ഗുജറാത്തിലെ പരിപാടിക്ക് വിളിച്ചപ്പോഴുണ്ടായ അനുഭവം തമാശയോടെ മന്ത്രി കെ.രാജു വിശദമാക്കിയത്.

എന്നാലും ഒരു രാഷ്ട്രം ഒരു ഭാഷ എന്ന നയം അപകടകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രാജ്യത്താകെ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ഹിന്ദി പ്രചാരണത്തിന് പ്രവർത്തിക്കുന്ന സംഘടനയായ ഹിന്ദി അക്കാഡ‌മി ഭാഷാ പഠനത്തിന് നിരവധി സഹായങ്ങളും മാർഗങ്ങളും കുട്ടികൾക്ക് തുറന്നിട്ടിട്ടുണ്ടെന്നും രാജു പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷനായ ചടങ്ങിൽ സാഹിത്യ പ്രതിഭ അവാർഡ് സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ ഏറ്റുവാങ്ങി. സംസ്ഥാന രാഷ്ട്ര ഭാഷ അവാർഡ് ആലപ്പുഴ മുഹമ്മ കെ.ഇ. കാർമ്മൽ സെൻട്രൽ സ്കൂളിനും കണ്ണൂർ തളാപ്പ് ശ്രീനാരയണ വിദ്യാമന്ദിറിനും ആലപ്പുഴ തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂളിനും സമ്മാനിച്ചു.ഹിന്ദി സ്കോളർഷിപ്പിന് അർഹരായ 145 വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകളും മെഡലും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, അക്കാഡമി അംഗങ്ങളായ ആർ.വിജയൻ തമ്പി, എൻ.ജി.ദേവകി,കാര്യവട്ടം ശ്രീകണ്ഠൻ നായ‌‌‌ർ,പള്ളിപ്പുറം ജയകുമാർ എന്നിവ‌ർ സംസാരിച്ചു.