തിരുവനന്തപുരം: നിർമ്മാണം പൂർത്തിയായി എട്ടുമാസം പിന്നിട്ടിട്ടും വള്ളക്കടവിലെ സിദ്ധ ആശുപത്രി രോഗികൾക്കായി തുറന്നുകൊടുക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ. ആശുപത്രി തുറക്കാത്തതിൽ പ്രതിഷേധിച്ച് പെരുന്താന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആദ്യത്തെ സിദ്ധ ആശുപത്രിക്കായി കഴിഞ്ഞ സർക്കാരാണ് തുക അനുവദിച്ച് നിർമ്മാണം തുടങ്ങിയത്. 2.75 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ചിട്ടും ആശുപത്രി തുറന്നു കൊടുക്കാത്തത് എൽ.ഡി.എഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണമാണ്. ആരോഗ്യമന്ത്രിക്ക് സമയമില്ലാത്തതാണ് ഉദ്ഘാടനം നീട്ടിവയ്ക്കുന്നതിലെ പ്രധാന കാരണം. എത്രയും വേഗം ആശുപത്രി തുറന്നില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്നു അദ്ദേഹം പറഞ്ഞു. പെരുന്താന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബനീന്ദ്രനാഥ്, കെ.പി.സി.സി നിർവാഹക സമിതി അംഗം ജി.എസ്.ബാബു, ഡി.സി.സി ഭാരവാഹികളായ മോളി അജിത്, എം.എ.പത്മകുമാർ, ചാക്ക രവി, സി.ജയചന്ദ്രൻ, വള്ളക്കടവ് നിസാം, സേവ്യർ ലോപ്പസ്, ബ്ലോക്ക് പ്രസിഡന്റ് പി.പത്മകുമാർ, വി.എസ്. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ: വള്ളക്കടവിലെ സിദ്ധ ആശുപത്രി തുറക്കാത്തതിൽ പ്രതിഷേധിച്ച് പെരുന്താന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു