ഒരു മദ്ധ്യവയസ്കൻ എന്റെ മുറിയിലേക്ക് പെട്ടെന്ന് കയറി വരുന്നു. സ്വയം പരിചയപ്പെടുത്തി, 'ചെങ്ങന്നൂർ സ്വദേശിയാണ്. ടെക്നോപാർക്കിൽ ജോലി ചെയ്യുന്നു."
'എന്താ വരവിന്റെ ഉദ്ദേശ്യം?"
'എനിക്ക് വല്ലാത്ത ഭയമാണ്. അതിന്റെ കൂടെ ഇൗയിടെ ബി.പിയും വളരെ കൂടി. അതുകൂടുതൽ ഭയകാരണമായി. ഒരു ഡോക്ടറെ കണ്ടു. മരുന്നും കഴിക്കുന്നുണ്ട്."
'എന്തിനെയാണ് ഭയം?"
'ഹൈ ബി.പിയാണ്. മരിച്ചുപോകുമെന്നു ഭയം."
'എന്ത് ജോലിയാണ് ചെയ്യുന്നത്?"
'ചിത്രരചനയാണ്. ഒരു കമ്പനിക്കുവേണ്ടി."
'കമ്പ്യൂട്ടറിലാണോ?"
'അതെ."
'ചെങ്ങന്നൂരിൽ ടൗണിലാണോ വീട്:?"
' അല്ല. ഒരു ഉൾപ്രദേശത്താണ്."
'അവിടെ സ്വന്തം പറമ്പുണ്ടോ?
'ഇൗ ജോലിയൊക്കെ കളഞ്ഞിട്ട് അവിടെ പോയി ഗ്രാമപ്രദേശത്ത് കൃഷി ചെയ്തു ജീവിക്കുക. അപ്പോൾ മനസ് ശാന്തമാവും. ഭയം മാറും. മരുന്ന് കഴിപ്പും നിറുത്താം."
'അയ്യോ! അതെങ്ങനെ സാധിക്കും!"
'വയസെത്രയായി?"
'നാല്പത്തേഴ്"
'കുടുംബമുണ്ടോ?"
'ഇല്ല. അവിവാഹിതനാണ്."
'അപ്പോൾ എന്തിനാ ഇൗ ജോലി ചെയ്യുന്നത്?"
'നല്ല ശമ്പളം ഉണ്ട്. സമൂഹം മാനിക്കുന്നു. അതൊക്കെ കളയാനൊക്കുമോ?"
'നിങ്ങളെത്തന്നെ ഇല്ലാതാക്കിയിട്ട് നിങ്ങൾക്ക് സമൂഹത്തിൽ മാന്യമായി കഴിയാനാണ് ആഗ്രഹമെങ്കിൽ നടക്കട്ടെ. പക്ഷേ എനിക്ക് വേറൊരു പരിഹാരം നിർദ്ദേശിക്കാനില്ല."