കുഴിത്തുറ: ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഭക്തർ ഓടി ദർശനം നടത്തുന്ന ശിവാലയ ഓട്ടം 20ന് തുടങ്ങും. ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങളിലെ ഒരുക്കങ്ങൾ പൂർത്തിയായി. ശൈവ -വൈഷ്ണവ ബന്ധം ഉറപ്പിക്കുന്ന ശിവാലയ ഓട്ടത്തിൽ 'ഗോവിന്ദാ.... ഗോപാല' എന്ന നാമജപവുമായാണ് ഭക്തർ ശിവ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത്. ശൈവവൈഷ്ണവ ബന്ധം ഊട്ടിയുറപ്പിക്കുന്ന ശിവാലയ ഓട്ടം കന്യാകുമാരി ജില്ലയിൽ മാത്രമാണ് ഉള്ളതെന്നതും ഏറെ പ്രത്യേകതയാണ്. ശിവരാത്രിയുടെ തലേദിവസം മുഞ്ചിറ തിരുമല ക്ഷേത്രത്തിൽ നിന്ന് സന്ധ്യാ ദീപാരാധന തൊഴുതാണ് ശിവാലയ ഓട്ടം ആരംഭിക്കുന്നത്. തിരുനട്ടാലത്ത് ശങ്കരനാരായണനെ തൊഴുത് തീർത്ഥാടനം പൂർത്തിയാകും. ശിവരാത്രിക്ക് തലേദിവസം ആരംഭിക്കുന്ന ശിവാലയ ഓട്ടം ശിവരാത്രിയുടെ പിറ്റേദിവസം രാവിലെ പൂർത്തിയാകും. കാൽനടയായി ഈ ദൂരമത്രയും സഞ്ചരിക്കുന്നതാണ് ആചാര്യ രീതി. എന്നാൽ ഇപ്പോൾ മിക്കവരും വാഹനങ്ങളിൽ എത്താറാണ് പതിവ്.
ഓട്ടം ഇങ്ങനെ
1. കുഴിത്തുറയിൽ നിന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ ആദ്യത്തെ ശിവക്ഷേത്രമായ തിരുമലയിലെത്താം.
2. അവിടെ നിന്ന് മാർത്താണ്ഡം വഴി 15 കിലോമീറ്റർ സഞ്ചരിച്ചാൽ തിക്കുറുശ്ശി മഹാദേവ ക്ഷേത്രം.
3.അവിടെ നിന്ന് അരുമന വഴി 12 കിലോമീറ്റർ സഞ്ചരിച്ച് ശിവക്ഷേത്രമായ തൃപ്പരപ്പ്.
4.കുലശേഖരം വഴി 8 കിലോമീറ്റർ പിന്നിട്ട് തിരുനന്തിക്കര.
5.തിരുനന്തിക്കരയിൽ നിന്ന് കുലശേഖരം വഴി 8 കിലോമീറ്റർ താണ്ടി പൊൻമനയിൽ എത്താം.
6.പൊൻമനയിൽ നിന്ന് 10 കിലോമീറ്റർ സഞ്ചരിച്ച് പന്നിപ്പാകം ക്ഷേത്രം
7.പന്നിപ്പാകത്തു നിന്ന് 6 കിലോമീറ്റർ അകലെയായി പത്തനാപുരം കോട്ടയ്ക്കകത്താണ് കൽക്കുളം ക്ഷേത്രം
8. അവിടെ നിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ മേലാങ്കോട്
9.മേലാങ്കോട്ടു നിന്ന് 5 കിലോമീറ്റർ അകലെയാണ് തിരുവടയ്ക്കോട്
10.അവിടെ നിന്ന് 9 കിലോമീറ്റർ ദൂരെയാണ് തിരുവിതാംകോട്
11. തുടർന്ന് 9 കിലോമീറ്റർ പിന്നിട്ടാൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് പുനരുദ്ധാരണം ചെയ്ത തൃപ്പന്നിയോട് ക്ഷേത്രം
12.അവിടെ നിന്നു 4 കിലോമീറ്റർ ഉള്ളിലാണ് തിരുനട്ടാലം ക്ഷേത്രം
ഘൃതധാരാ ഇക്കുറി പന്നിപ്പാകം ക്ഷേത്രത്തിൽ
ശിവരാത്രിനാളിൽ 12 ശിവക്ഷേത്രങ്ങളിൽ ഓരോ വർഷവും ഓരോ ക്ഷേത്രങ്ങളിലായി നടക്കുന്ന ഘൃതധാരാ ഇത്തവണ ശിവാലയ ഓട്ടത്തിലെ അഞ്ചാമത്തെ ക്ഷേത്രമായ പൊൻമനയിലാണ് നടക്കുന്നത്. കന്യാകുമാരി ദേവസ്വത്തിന്റെ നേതൃത്വത്തിലാണ് ധാര നടക്കുന്നത്. പുലർച്ചെ തുടരുന്ന ധാര നാലാം യാമ പൂജ വരെ തുടരും.
ക്ഷേത്രങ്ങളിലേക്കുള്ള റോഡുകൾ മിക്കതും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ശിവരാത്രി ദിവസം ലക്ഷക്കണക്കിന് ഭക്തരാണ് വാഹനങ്ങളിൽ എത്തുന്നത്. തിക്കുറിശ്ശി - തൃപ്പരപ്പ്, തൃപ്പരപ്പ് - കുലശേഖരം, കുലശേഖരം- പൊന്മാന റോഡുകളാണ് കൂടുതൽ നാശമായി കിടക്കുന്നത്. ജില്ലാ ഭരണകൂടം ഇത് കണ്ടില്ലെന്നു നടിക്കാതെ വേണ്ട നടപടികൾ കൈക്കൊള്ളണം.
-പൊതുജനങ്ങൾ