തിരുവനന്തപുരം: ഹോർട്ടികോർപിന്റെ ആനയറയിലെ ഗോഡൗണിൽ മന്ത്രിയുടെ മിന്നൽ പരിശോധന. ഗുരുതരമായ ക്രമക്കേടുകൾ കണ്ടതിനെ തുടർന്ന് ജില്ലാ മാനേജരെ സസ്‌പെൻഡ് ചെയ്തു. ബുധനാഴ്ച രാത്രി 9 ഓടെയാണ് മന്ത്രി വി.എസ്.സുനിൽകുമാറും കൃഷി ഡയറക്ടർ രത്തൻ ഖേൽക്കറും ഗോഡൗണിലെത്തിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഹോർട്ടികോർപ് പച്ചക്കറി സ്റ്റാളുകളിൽ വിതരണം ചെയ്യാനായി ശേഖരിക്കുന്ന പച്ചക്കറികളിൽ ഏറിയപങ്കും ഇവിടെ കേടാക്കി നശിപ്പിക്കുന്നതായുള്ള പരാതിയെ തുടർന്നായിരുന്നു പരിശോധന. ഗോഡൗണിനുള്ളിൽ രണ്ടുദിവസം മുൻപ് എത്തിച്ച പച്ചക്കറികൾ പലതും കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. നശിക്കുന്നതിന് മുൻപ് ഇവയെല്ലാം സ്റ്റാളുകളിലേക്ക് കൊടുത്തുവിടാത്തത് കാരണം പലതും അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. രാത്രി ഷിഫ്ടിൽ ഏഴുമണിക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ട തൊഴിലാളികളിൽ പലരും പരിശോധന സമയത്ത് ഉണ്ടായിരുന്നില്ല.16 പേർ വേണ്ടിടത്ത് പത്തുപേരാണ് ഉണ്ടായിരുന്നത്. ശേഷിക്കുന്നവർ മന്ത്രിയുടെ സന്ദർശന വിവരം അറിഞ്ഞ് ഓടിയെത്തുകയായിരുന്നു. ഡ്യൂട്ടിക്ക് എത്താത്തതെന്തെന്ന ചോദ്യത്തിന് ആശുപത്രിയിൽ പോയിരുന്നു എന്നാണ് ഇവർ മറുപടി നൽകിയത്. ഇവരിൽ നിന്ന് വിശദീകരണം എഴുതിവാങ്ങിയ ശേഷം തുടർനടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഇവിടേക്ക് രാത്രിയിൽ ടൺ കണക്കിന് പച്ചക്കറികളാണ് എത്തുന്നത്. ഇവ ഇറക്കിയശേഷം തരം തിരിച്ചാണ് സ്റ്റാളുകളിലേക്ക് കൊടുത്തുവിട്ടിരുന്നത്. ഇക്കാര്യങ്ങൾ ചെയ്യാൻ ചുമതലയുള്ള തൊഴിലാളികളാണ് ഡ്യൂട്ടിക്ക് എത്താതിരുന്നത്. ഗോഡൗണിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്ലായ്മയാണ് ഇതിനെല്ലാം കാരണമെന്ന കണ്ടെത്തലിലാണ് ജില്ലാ മാനേജർ സജിത്തിനെ സസ്‌പെൻഡ് ചെയ്തത്.