psc
പി.എസ്.സി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്ന് നിശ്ചിത ഫീസ് ഈടാക്കണമെന്ന കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ആവശ്യം സർക്കാർ തള്ളി. നയപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി.എസ്.സിയുടെ ആവശ്യം തത്കാലം പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചത്.
പരീക്ഷ എഴുതുമെന്ന് പി.എസ്.സിക്ക് ഉറപ്പ് (കൺഫർമേഷൻ) നൽകിയിട്ടും എഴുതാതെ ഉദ്യോഗാർത്ഥികൾ കൂട്ടത്തോടെ മാറിനിൽക്കുന്നത് പി.എസ്.സിക്ക് കനത്ത സാമ്പത്തികബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. ഇതു തടയാനാണ് യൂണിവേഴ്സിറ്റി, യു.പി.എസ്.സി മാതൃകയിൽ നിശ്ചിത ഫീസ് ഈടാക്കണമെന്ന് പി.എസ്.സി ആവശ്യപ്പെട്ടത്. എന്നാൽ പണം ഈടാക്കിക്കൊണ്ടുള്ള അപേക്ഷാരീതി വേണ്ടെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നുമുള്ള വാദത്തിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുകയായിരുന്നു. ബഡ്ജറ്റ് പ്രൊപ്പോസലിൽ ധനവകുപ്പ് മുമ്പാകെ പി.എസ്.സി വച്ച ശുപാർശയും തള്ളിയിരുന്നു. പരീക്ഷ എഴുതാതെ പി.എസ്.സിക്ക് സാമ്പത്തികബാദ്ധ്യത വരുത്തുന്നവർക്കെതിരെ മറ്റു ശിക്ഷാനടപടികൾ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പി.എസ്.സിയോട് നിർദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് കൺഫർമേഷൻ നൽകി പരീക്ഷ എഴുതാത്തവർക്കെതിരെ പ്രൊഫൈൽ തടഞ്ഞുവയ്ക്കുന്നതടക്കമുള്ള ശിക്ഷാനടപടി സ്വീകരിക്കാൻ പി.എസ്.സി ആലോചിക്കുന്നത്.


പി.എസ്.സിക്ക് അധികബാദ്ധ്യത കോടികൾ

കൂടുതൽ പേർ അപേക്ഷിക്കുകയും കൺഫർമേഷൻ നൽകുന്നവർക്കെല്ലാം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്നതിലൂടെ പി.എസ്.സിക്ക് അധികസാമ്പത്തിക ബാദ്ധ്യതയാണ് വരുന്നത്. അടുത്തിടെ നടന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വി.ഇ.ഒ) പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകി രണ്ടുലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് ഹാജരാകാതിരുന്നത്. ഈ പരീക്ഷയിൽ പി.എസ്.സിക്ക് നാല് കോടിയോളം രൂപ ‌നഷ്ടമായെന്ന് പി.എസ്.സി ചെയർമാൻ പറഞ്ഞു.
ഈ വർഷം എൽ.ഡി.ക്ലാർക്കും ലാസ്റ്റ് ഗ്രേഡ് സർവന്റ്സും കെ.എ.എസും അടക്കം ലക്ഷക്കണക്കിനുപേർ അപേക്ഷ നൽകുന്ന പ്രധാന പരീക്ഷകൾ നടക്കാനുണ്ട്. ജൂണിൽ വിവിധ വകുപ്പുകളിലേക്കുള്ള എൽ.ഡി ക്ലാർക്ക് പരീക്ഷയ്ക്ക് 14 ജില്ലകളിൽനിന്നു 17,58,338 പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. 10 ലക്ഷത്തോളം അപേക്ഷകരെ പ്രതീക്ഷിക്കുന്ന ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനവും ഈ വർഷത്തിലുണ്ടാകും.

►ഇവരുടെ പ്രൊഫൈൽ തടഞ്ഞുവയ്ക്കും

പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകി എഴുതാതെ നിരന്തരം മുങ്ങുന്നവർ

ഇല്ലാത്ത യോഗ്യതകളുണ്ടെന്ന് അവകാശപ്പെട്ട് വെറുതെ അപേക്ഷിക്കുന്നവർ

പരീക്ഷ എഴുതിയശേഷം വ്യക്തമായ കാരണങ്ങളില്ലാതെ രേഖാ പരിശോധനയിൽനിന്ന് മാറിനിൽക്കുന്നവർ

യോഗ്യത, പ്രവൃത്തിപരിചയം, ശാരീരിക അളവുകൾ എന്നിവ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുന്നവർ

►ശിക്ഷാനടപടി ഒഴിവാകാൻ തക്കതായ കാരണം പി.എസ്.സിക്ക് ബോദ്ധ്യപ്പെടണം. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടർ സർട്ടിഫിക്കറ്റ് ഹാജരാക്കണം.


►കെ.എ.എസ് ഹാജർ പരിശോധിക്കും

ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിന്റെ ആദ്യഘട്ടമായി ഫെബ്രുവരി 22 ന് നടക്കുന്ന കെ.എ.എസ് പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ ഹാജരാകാത്തവരുടെ പട്ടിക പ്രത്യേകം പരിശോധിക്കും. 4,01,379 പേരാണ് കെ.എ.എസിന് കൺഫർമേഷൻ നൽകിയിട്ടുള്ളത്.