ചിറയിൻകീഴ്: ശാർക്കര അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. പൊങ്കാല ദ്രവ്യങ്ങൾ ഒരുക്കി അടുപ്പിൽ അഗ്നി പകരേണ്ട സമയം നോക്കി കാത്തിരിക്കുകയാണ് ഭക്തർ. ക്ഷേത്രമുറ്റത്ത് പ്രത്യേക പൂജകൾക്ക് ശേഷം ഒരുക്കുന്ന പണ്ടാര അടുപ്പിൽ ക്ഷേത്ര തന്ത്രി തരണനല്ലൂർ മന സജി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി വടക്കേ മഠത്തിൽ എസ്.രാജഗോപാലൻ പോറ്റി രാവിലെ 9.45ന് തീ പകരുന്നതോടെയാണ് പൊങ്കാല ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12ന് ശേഷം ഇരുപതിലേറെ ശാന്തിക്കാർ പൊങ്കാല നിവേദ്യം നടത്തും.
അമ്പതിനായിരത്തിൽപ്പരം പൊങ്കാല അടുപ്പുകൾ ഇന്നലെ തന്നെ ക്ഷേത്ര ഉപദേശക സമിതിയുടെ മേൽനോട്ടത്തിൽ ക്രമീകരിച്ചിരുന്നു. കൂട്ടിയ അടുപ്പുകളിൽ പലരും കലങ്ങളിൽ പേരെഴുതി അവരുടേതായ സ്ഥാനങ്ങൾ ദിവസങ്ങൾക്ക് മുമ്പ് തന്നെ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ഇതിനുപുറമേ സമീപത്തെ റോഡുകളും പൊങ്കാല ഭക്തരെക്കൊണ്ട് നിറയും. അന്യദേശങ്ങളിൽ നിന്ന് ബന്ധുവീടുകളിൽ തങ്ങി പൊങ്കാല സമർപ്പണത്തിനെത്തുന്നവരും നിരവധിയാണ്. ശുദ്ധജല വിതരണത്തിനായി ക്ഷേത്ര കോമ്പൗണ്ടിന് ചുറ്റും ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. ശാർക്കര ക്ഷേത്ര നഗരിയിൽ മുഖ്യ അലങ്കാര ഗോപുരത്തിന് അടുത്തായുള്ള ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ഭക്തർക്കായി പ്രത്യേക കൗണ്ടറിലൂടെ സംഭാരവും പഴവർഗങ്ങളും വിതരണം ചെയ്യും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശാർക്കരയിലും പരിസര പ്രദേശങ്ങളിലും ഭക്ഷണം, ദാഹജലം എന്നിവ സൗജന്യമായി നൽകും. ഹരിത ചട്ടം പാലിക്കേണ്ടതിനാൽ ആഹാരവും ദാഹജലവും വാങ്ങുന്നവർ പ്ലാസ്റ്റിക് ഒഴിവാക്കി ആവശ്യമായ പാത്രങ്ങൾ കരുതേണ്ടതാണ്. തിരക്ക് ഒഴിവാക്കി യാത്ര സുഗമമാക്കാൻ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സൗജന്യ യാത്രാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വനിതാ പൊലീസുകാരുൾപ്പെടെ നൂറുകണക്കിന് പൊലീസ് സേനയെ ശാർക്കരയിൽ വിന്യസിച്ചിട്ടുണ്ട്. വലിയകട, മഞ്ചാടിമൂട്, പണ്ടകശാല എന്നിവിടങ്ങളിൽ നിന്ന് ശാർക്കരയിലേക്ക് ഇന്ന് 6 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദർശനത്തിനായി ഭക്തജനങ്ങൾ വടക്കേ നട വഴി അകത്ത് പ്രവേശിച്ച് പടിഞ്ഞാറേ നടവഴി പുറത്ത് പോകണം.