തിരുവനന്തപുരം:വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും മോഷ്ടാക്കൾ കയറിയാൽ ഏഴു സെക്കൻഡിനകം ലൈവ് വീഡിയോയും വിവരങ്ങളും ലഭിക്കുന്ന കേരള പൊലീസിന്റെ നിരീക്ഷണ പദ്ധതി സ്വകാര്യ കമ്പനിയുടെ കൈയിൽ..പൊലീസും കെൽട്രോണും ചേർന്ന് നടപ്പാക്കേണ്ട പദ്ധതിക്കായി പൊലീസ് ആസ്ഥാനത്ത് നിർമ്മിച്ച കൺട്രോൾ റൂമിൽ സ്വകാര്യ കമ്പനിയുടെ ജീവനക്കാർ കടന്നു കൂടിയതിനെ തുടർന്നാണിത്. നിരീക്ഷണ പദ്ധതിയിൽ ആളുകളെയും സ്ഥാപനങ്ങളെയും ചേർക്കാനുള്ള ചുമതല സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നൽകിയത് എസ്.പിമാർക്കാണ് സ്വകാര്യ കമ്പനിയുടെ ബിസിനസ് ഏജന്റുമാരായി പ്രവർത്തിക്കുന്നത് എസ്.പിമാർ. ഇതോടെ ,സിംസ് എന്ന നിരീക്ഷണപദ്ധതി സംശയത്തിന്റെ നിഴലിലായി. പൊലീസ് ഉദ്യോഗസ്ഥരും കെൽട്രോണും സ്വകാര്യ കമ്പനികളുമായി 'അവിശുദ്ധ ബന്ധ'മുണ്ടെന്ന് സി.എ.ജി റിപ്പോർട്ടിലും വിമർശനമുണ്ടായിരുന്നു.
സ്വകാര്യ കമ്പനിയുടെ ഇടപാടുകളിലും സംശയം
പദ്ധതി നടത്തിപ്പിന് കെൽട്രോൺ തിരഞ്ഞെടുത്ത ഗാലക്‌സോൺ ഇന്റർനാഷണൽ എന്ന സ്വകാര്യകമ്പനിയുടെ ഇടപാടുകളും സംശയകരമാണ്. വീടുകളിലും സ്വകാര്യസ്ഥാപനങ്ങളിലും സി.സി.ടി.വികളും സെൻസറുകളും സ്ഥാപിക്കാൻ ലക്ഷങ്ങളാണ് കമ്പനി ഈടാക്കുന്നത്. പൊലീസ് ആസ്ഥാനത്ത് 24മണിക്കൂറും നിരീക്ഷിക്കാൻ പ്രതിമാസ ഫീസുമുണ്ട്. ഇതിൽ ചെറിയ തുക പൊലീസിന് നൽകും. അംഗങ്ങളെ ചേർക്കാൻ എസ്.പിമാർ ഇറങ്ങിയതോടെ കമ്പനിക്ക് കോളടിച്ചു. നിരീക്ഷണത്തിനായി പൊലീസ് ആസ്ഥാനത്ത് കമ്പനി പണിത കൺട്രോൾ റൂമിൽ കമ്പനിയുടെ രണ്ട് ജീവനക്കാർ.ഇവർക്ക് കൺട്രോൾ റൂമിലെ പൊലീസുകാരെ നിയന്ത്രിക്കാനും അനുമതി . അതീവസുരക്ഷാ മേഖലയിലാണ് സ്വകാര്യ കമ്പനിക്കാർ വിലസുന്നത്.
എന്നാൽ ,കെൽട്രോൺ വ്യവസ്ഥകൾ ലംഘിച്ചെന്നാണ് പൊലീസ് നേതൃത്വം പറയുന്നത്.. സ്വകാര്യ സ്ഥാപനത്തെ പദ്ധതിയുടെ നടത്തിപ്പ് ഏൽപ്പിച്ച കെൽട്രോൺ, നിരീക്ഷണത്തിന് സ്വന്തം ജീവനക്കാരെ നിയോഗിച്ചില്ല. പൊലീസുകാർ നിരീക്ഷണ ചുമതല ഏറ്റെടുക്കേണ്ടി വന്നു. എസ്.പിമാർ യോഗം വിളിച്ച് ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കി.
സാങ്കേതിക സഹായം മാത്രമെന്ന് കമ്പനി
സിംസ് പദ്ധതിക്ക് സാങ്കേതിക സഹായം നൽകുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്ന് ദുബായ് ആസ്ഥാനമായ ഗാലക്‌സോൺ ഇന്റർനാഷണൽ പ്രതിനിധി ബെർണാഡ് രാജ് വ്യക്തമാക്കി. കെൽട്രോണിന്റെ ഇ ടെൻഡറിൽ പങ്കെടുത്താണ് പങ്കാളിയായത്.. പൊലീസുമായി ബന്ധമില്ല. ഷാർജ, ദുബായ് പൊലീസിസുകൾക്ക് സാങ്കേതികസഹായം നൽകുന്നുണ്ട്. കൺട്രോൾ റൂമിൽ പൊലീസിനെ സഹായിക്കാൻ കമ്പനിയുടെ എൻജിനിയർമാരുണ്ട്. മേൽനോട്ടം പൊലീസിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
' നാലുവട്ടം ടെൻഡർ വിളിച്ചാണ് ഗാലക്സോണിനെ തിരഞ്ഞെടുത്തത്. വേണമെങ്കിൽ സി.എ.ജിക്കും പരിശോധിക്കാം. പൊലീസ് ആസ്ഥാനത്ത് കമ്പനി പ്രതിനിധിയില്ല, സെർവർ മുറിയിലേയുള്ളൂ'.
-ടി.ആർ.ഹേമലത
കെൽട്രോൺ എം.ഡി
''മോഷണശ്രമം തത്സമയം കണ്ടെത്തി തടയാനായി വീടുകളിൽ കാമറ വയ്ക്കുന്ന സിംസ് പദ്ധതിയുടെ നിയന്ത്രണം, നടത്തിപ്പ് ചുമതല കെൽട്രോണിനാണ്. സർക്കാരോ പൊലീസോ ഒരു തുകയും ചെലവഴിക്കുന്നില്ല.''
-മുഖ്യമന്ത്രി
നിയമസഭയിൽ