തിരുവനന്തപുരം: കൃഷിവകുപ്പിന്റെ കീഴിലുളള 63 ഫാമുകളുടെ വികസനത്തിന് വൈവിദ്ധ്യവത്കരണം,കൃഷി അനുബന്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുളള പ്രത്യേക പദ്ധതി ഉടൻ പ്രാവർത്തികമാക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. പാലോട് പെരിങ്ങമ്മലയുള്ള ബനാന നഴ്സറിയും ജില്ലാ കൃഷിത്തോട്ടവും സന്ദർശിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.അടിസ്ഥാന വികസന സൗകര്യം ഉൾപ്പെടെ 16 കോടി രൂപയുടെ വികസന പദ്ധതി റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ബനാന നഴ്സറിക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഫാം സന്ദർശനത്തിന് ശേഷം മന്ത്രി ജീവനക്കാരും തൊഴിലാളികളുമായി ചർച്ച നടത്തുകയും പ്രശ്നങ്ങൾ മനസിലാക്കുകയും ചെയ്തു.ഡി.കെ.മുരളി എം.എൽ.എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു .