വിതുര:വിതുര - ഇറയംകോട് റോഡിന് ശാപമോക്ഷമായി.വിതുര കലുങ്ക് ജംഗ്ഷനിൽ നിന്നും ഇറയംകോട്ടേക്ക് പോകുന്ന റോഡ് വർഷങ്ങളായി ശോച്യാവസ്ഥയിലായിരുന്നു.റോഡിന്റെ ഒരു വശം ചതുപ്പാണ്.മഴക്കാലത്ത് റോഡ് വെള്ളത്തിൽ മുങ്ങി ഗതാഗതം തടസപ്പെടും. മാത്രമല്ല മഴയായാൽ ഇറയംകോട് നിവാസികൾ വീട്ടിൽ എത്താൻ നിന്തേണ്ട അവസ്ഥയായിരുന്നു. നൂറുകണക്കിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. ഗട്ടർ നിറഞ്ഞ് വീതി ഗണ്യമായി കുറഞ്ഞ ഇൗ റോഡിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. അനവധി തവണ അപകടങ്ങൾ അരങ്ങേറിയിട്ടുണ്ട്.ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടാത്ത ദിനങ്ങൾ വിരളമാണ്. അനവധി തവണ നാട്ടുകാർ അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും റോഡിൻെറ ശോച്യാവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല.

ഇതേപ്പറ്റി കേരളകൗമുദി നിരവധി തവണ വാർത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.വാർഡ് മെമ്പർ ഷാഹുൽനാഥ് അലിഖാൻ ജില്ലാപഞ്ചായത്തിന് നിദേനം നൽകിയതോടെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു സ്ഥലം സന്ദർശിക്കുകയും 2016ൽ റോഡ് നവീകരിക്കുന്നതിനായി പത്ത് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഇൗ തുക വിനിയോഗിച്ച് റോഡ് ടാറിംഗ് നടത്തിയെങ്കിലും റോഡ് വീണ്ടും പൂർ‌വസ്ഥിതിയിലായി.റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും മുറവിളി ഉയരുകയും ജില്ലാപഞ്ചായത്തിനെ സമീപിക്കുകയും ചെയ്തു.ഒടുവിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു 25 ലക്ഷം രൂപ കൂടി അനുവദിക്കുകയായിരുന്നു.

ഇപ്പോൾ ഇൗ തുക വിനിയോഗിച്ച് ടാറിംഗ്,കല്ലടുക്ക്,ഒാട നിർമ്മാണം,കോൺഗ്രീറ്റ് എന്നീ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.

വർഷങ്ങളായി ശോച്യാവസ്ഥയിൽ കിടന്ന ഇറയംകോട്-വിതുര റോഡ് നവീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന് കൊപ്പം വാർഡ് മെമ്പർ ഷാഹുൽനാഥ്അലിഖാൻ നന്ദി രേഖപ്പെടുത്തി.

അനുവദിച്ച തുക

2016ൽ-10 ലക്ഷംരൂപ

2020ൽ-25 ലക്ഷം രൂപ

പടം കാപ്ഷൻ

വിതുര-ഇറയംകോട് റോഡ്