sivakhoshayathra

മുടപുരം: 10 ദിവസക്കാലം നീണ്ടുനിന്ന ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിലെ രോഹിണി - അത്തം മഹോത്സവം സമാപിച്ചു. ഭക്തിസാന്ദ്രവും വർണശബളവുമായ തിരുവാറാട്ട് ഘോഷയാത്ര ജനശ്രദ്ധ ആകർഷിച്ചു. വിവിധ വാദ്യമേളങ്ങൾ, ബാലികമാരുടെയും സ്ത്രീകളുടെയും താലപ്പൊലി, വേഷമണിഞ്ഞ രാധയും കൃഷ്ണനും, ബലരാമൻ, കുചേലൻ, ശിവപാർവതിമാർ, ഗോപസ്ത്രീകൾ, വിവിധതരം തെയ്യങ്ങൾ, മയിലാട്ടം, നാദസ്വരം, പാണികൊട്ട്, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ തുടങ്ങിയവ ഘോഷയാത്രയുടെ ആകർഷക ഘടകങ്ങളായിരുന്നു. കണ്ടുകൃഷി കുളത്തിൽ ആറാടിയാണ് ഘോഷയാത്ര തിരികെ ക്ഷേത്രത്തിൽ പ്രവേശിച്ചത്. രാത്രി ക്ഷേത്ര തന്ത്രി മധുസൂദനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ തൃക്കൊടികൾ ഇറക്കിയതോടെ ഉത്സവച്ചടങ്ങുകൾ സമാപിച്ചു. തുടർന്ന് ഗാനമേളയും നടന്നു.