ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതവികസനത്തിന്റെ ഭാഗമായി കളക്ടറുടെ നിയന്ത്രണത്തിൽ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണത്തിൽ മാറ്റം. മുക്കമ്പാലമൂട്-മുടവൂർപ്പാറ ഭാഗത്താണ് മാറ്റം വരുത്തിയത്. കാഞ്ഞിരംകുളം,​ പൂവാർ,​ ബാലരാമപുരം-വിഴിഞ്ഞം,​ ഉച്ചക്കട,​ മരുതൂർക്കോണം,​ പയറ്റുവിള-നെല്ലിമൂട് ഭാഗത്തേക്കുള്ള ബസുകൾ നരുവാമൂട് മുക്കംമ്പാലമൂട്,​ മുടവൂർപ്പാറ,​ ബാലരാമപുരം വഴി കടന്നുപോകണം. ഇത്തരം സർവീസുകൾക്ക് നെയ്യാറ്റിൻകര വഴി കടന്നുപോകാൻ 20 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യം വന്നതിനാലാണ് പുതിയ ഗതാഗതനിയന്ത്രണമേർപ്പെടുത്തിയതെന്ന് നരുവാമൂട് സി.ഐ അറിയിച്ചു. നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള ബസുകൾ മുക്കംമ്പാലമൂട്,​ എരുത്താവൂർ,​ ചാനൽപ്പാലം,​റസൽപ്പുരം-വണ്ടന്നൂർ വഴി നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. പ്രധാന ജംഗ്ഷനുകളായ പ്രാവച്ചമ്പലം,​ നരുവാമൂട്,​ മുക്കമ്പാലമൂട്,​ എരുത്താവൂർ,​ ചാനൽപ്പാലം,​ റസൽപ്പുരം,​ മുടവൂർപ്പാറ,​ വെടിവെച്ചാൻകോവിൽ,​ പുന്നമൂട് എന്നിവിടങ്ങിൽ നരുവാമൂട് പൊലീസും ഹോംഗാർഡുകളും ഗതാഗതം നിയന്ത്രിക്കും.