photo

നെടുമങ്ങാട് : കിള്ളിയാർ സംരക്ഷണത്തിനായി നാടും നഗരവും രണ്ടാംഘട്ട ശുചീകരണ ദൗത്യത്തിന് ഇന്ന് കൈ കോർക്കുമ്പോൾ നദിയുടെ ജീവനാഡികളായ കൈത്തോടുകൾക്കും കുഞ്ഞരുവികൾക്കും കക്കൂസ് മാലിന്യം പേറാനാണ് വിധി ! കൈവഴികളായ ചെറു തോടുകൾ തേടിപ്പിടിച്ച് കക്കൂസ് മാലിന്യം ഒഴുക്കി കടന്നു കളയുന്ന സംഘങ്ങൾ പെരുകുകയാണ്.കലാഗ്രാമം കൈത്തോടും മാടവനത്തോടും ഞാലിക്കോണം അരുവിയും കാക്കത്തോടുമാണ് മാലിന്യ നിക്ഷേപകരുടെ പതിവ് കേന്ദ്രങ്ങൾ.കരകുളംപഞ്ചായത്ത് പരിധിയിലെ നീരൊഴുക്കുകൾക്കാണ് ദുർഗതിയേറെയും.പ്രസിദ്ധ കലാപരിശീലന കേന്ദ്രമായ കലാഗ്രാമത്തിനു മുന്നിലൂടെ ഒഴുകുന്ന അഞ്ഞൂറ് മീറ്റർ ദൈർഘ്യമുള്ള കൈത്തോട്ടിലാണ് ഏറ്റവും കൂടുതൽ മാലിന്യ നിക്ഷേപം നടക്കുന്നത്.ഈ അരുവിയിലെ വെള്ളം ദേഹത്ത് വീണാൽ ചൊറിഞ്ഞടരുമെന്ന അവസ്ഥയാണ്.കക്കൂസ് മാലിന്യം ടാങ്കർലോറികളിൽ കൊണ്ട് വന്ന് നിലമതല ജംഗ്ഷനു സമീപം ഒഴുക്കി വിടുകയാണെന്ന് പരാതിയുണ്ട്.നെടുമങ്ങാട് നഗരസഭയുടെ ഹൃദയഭാഗത്തെ കാക്കത്തോടിന്റെ ഉത്ഭവ കേന്ദ്രങ്ങളിൽ ഇരുളിന്റെ മറവിൽ സെപ്ടിക് മാലിന്യം തള്ളിയ സംഘത്തെ നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ നാട്ടുകാർ കൈയോടെ പൊക്കിയത് വാർത്തയായിരുന്നു.അമ്പതംഗ ഹരിതകർമ്മ സേനയും പ്രാദേശിക നിരീക്ഷണ സമിതികളും സുസജ്ജമാണെന്നിരിക്കെയാണ് മാലിന്യ നിക്ഷേപം മുമ്പത്തേക്കാളും വർദ്ധിച്ചിരിക്കുന്നത്.തലസ്ഥാനത്തെ ഹോട്ടലുകളുടെയും അപ്പാർട്ടുമെന്റുകളുടെയും വിസർജ്യ വസ്തുക്കൾ മറവ് ചെയ്യാൻ കരാർ എടുക്കുന്നവരാണ് കിള്ളിയാറിന്റെ കൈവഴികളെ കൊല്ലാക്കൊല ചെയ്യുന്നത്.

കാഴ്ചവസ്തുവായ നിരീക്ഷണ കാമറകൾ

നെടുമങ്ങാട് ബ്ലോക്കിനു കീഴിലെ ഗ്രാമപഞ്ചായത്തുകളും നഗരസഭയും മാലിന്യ മുക്ത കിള്ളിയാർ പദ്ധതി പ്രകാരം തീരങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങൾ പകർത്തി നൽകിയാൽ അയ്യായിരം രൂപ പാരിതോഷികം ഏർപ്പെടുത്തിയിട്ടുള്ള പഞ്ചായത്താണ് കരകുളം.അരുവിക്കര,നെടുമങ്ങാട് സ്റ്റേഷനുകളിൽ പൊലീസും മാലിന്യ നിക്ഷേപകരെ കുടുക്കാൻ ഉറക്കമിളച്ച് നടപ്പാണ്.രാത്രി കാലത്ത് അരങ്ങേറുന്ന മാലിന്യനിക്ഷേപം സമീപവാസികളുടെ പൊറുതി മുട്ടിക്കുന്നുവെന്നാണ് പരാതി.നിരീക്ഷണ കാമറകൾ പലേടത്തും കാഴ്ച വസ്തുവാണെന്ന ആരോപണമുണ്ട്.കരകുളം പഞ്ചായത്ത് പരിധിയിൽ ജില്ലാ സർവേയറുടെ നേതൃത്വത്തിൽ കൈയേറ്റങ്ങൾ കണ്ടെത്തുന്നതിനുള്ള ജാഗ്രത സമിതികൾ രംഗത്ത് വന്നെങ്കിലും സർവേയർമാർ അവരുടെ പാട്ടിനു പോയി.

 31 കൈവഴികളും ശുചീകരിക്കും

'കരകവിയാത്ത കിള്ളിയാർ" എന്ന സന്ദേശമുയർത്തി കിള്ളിയാർ മിഷൻ സംഘടിപ്പിക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാവും.ശുചീകരണ യജ്ഞം രാവിലെ എട്ടിന് പുഴയുടെ ഉത്ഭവ സ്ഥാനമായ പനവൂർ കരിഞ്ചാത്തി മൂലയിൽ ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും.ഇതേസമയം കിള്ളിയാറിന്റെ 20 കേന്ദ്രങ്ങളിൽ മന്ത്രിമാരും പ്രതിപക്ഷ നേതാവും ഉൾപ്പടെയുള്ളവർ ശുചീകരണ പ്രക്രിയയിൽ അണിനിരക്കും.

രണ്ടാംഘട്ട ശുചീകരണം

ഉത്ഭവസ്ഥാനം മുതൽ വഴയില പാലം വരെ

ശുചീകരിക്കുന്നത് 22 കിലോ മീറ്റർ

31 കൈവഴികൾ

യജ്ഞത്തിൽ പങ്കാളികളാകുന്നത്: ''30,000 പേർ

പ്രതികരണം
------------------

ഈ ശുചീകരണ യജ്ഞം ചരിത്രത്തിൽ ഇടം പിടിക്കും.കൈവഴികളുടെ ശുചീകരണത്തിനും വീണ്ടെടുപ്പിനും പ്രത്യേക ടീമുകൾ രംഗത്തിറങ്ങും.ഒന്നാംഘട്ട ദൗത്യവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ നിരവധി കേസുകളാണുള്ളത്.കിള്ളിയാർ സംരക്ഷണത്തിനായി എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കുകയാണ് വേണ്ടത്""

ബി.ബിജു (കൺവീനർ,കിള്ളിയാർ മിഷൻ)