കഴക്കൂട്ടം: കരിച്ചാറ കടവിനടുത്തെ കായലിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി നാട്ടുകാർ തടഞ്ഞു. ഡ്രൈവറടക്കം രണ്ടുപേരെ നാട്ടുകാർ പിടികൂടി മംഗലപുരം പൊലീസിൽ ഏൽപ്പിച്ചു. ഡ്രൈവർ എറണാകുളം മരട് കുണ്ടന്നൂർ മഹാദേവ ക്ഷേത്രത്തിനു സമീപം മൂലേപ്പടി വീട്ടിൽ ശരത് (24), ക്ലീനർ തൃശൂർ തളിക്കുളം നാട്ടിക എസ് എൻകോളജിനു സമീപംമേലേചരിവുവീട്ടിൽ സൂരജ് (23) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. സമീപത്തെ ക്ഷേത്രത്തിലുണ്ടായിരുന്ന യുവാക്കളാണ് ലോറി തടഞ്ഞിട്ടത്.ഇന്നലെ പുലർച്ചെ 1.30ഓടെ മൈതാനിയിലെ ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച കക്കൂസ് മാലിന്യം ഒഴുക്കാനെത്തുമ്പോഴാണ് നാട്ടുകാർ പിടികൂടിയത്. കക്കൂസ് മാലിന്യം ഒഴുക്കി കായലും പരിസരവും മലിനമാക്കിയതിന് ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഈ ഭാഗത്ത് നിരവധി തവണ ലോറികളിൽ മാലിന്യം തള്ളുന്നുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. പിടിയിലായവരെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.