photo

പാലോട് : ചന്ദ്രയാൻ ദൗത്യവുമായി ബന്ധപ്പെട്ട് സ്കൂൾ - കോളേജ് വിദ്യാർത്ഥികളുടെ സംശയ നിവാരണത്തിന് പാലോട് കാർഷിക മേളയിൽ സൗകര്യമൊരുക്കി ഐ.എസ്.ആർ.ഒ.ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ അഭിമാനമായ പി.എസ്.എൽ.വി, ജി.എസ്.എൽ.സി, ജി.എസ്.എൽ.വി എം.കെ. III, ക്രയോജനിക് എൻജിൻ -വികാസ് എൻജിൻ മോഡലുകൾ, റോക്കറ്റ് വിക്ഷേപണ വാഹനങ്ങളുടെ മാതൃകകൾ, ചാന്ദ്രയാൻ, ലാൻഡർ,ഇൻസാറ്റ് സാറ്റലൈറ്റുകളുടെ മാതൃകകൾ മുതലായവ മേളയിൽ ഐ.എസ്.ആർ.ഒ സജ്ജമാക്കിയിട്ടുണ്ട്.ആകാശ കാഴ്ചകൾക്കും പ്രത്യേക ക്രമീകരണമുണ്ട്.സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളുടെ വലിയ നിരയാണ് ഐ.എസ്.ആർ.ഒ പവലിയനിൽ അനുഭവപ്പെടുന്നത്.ശാസ്ത്ര പഠിതാക്കൾക്ക് ഏറെ വിജ്ഞാനപ്രദമായ ഐ.എസ്.ആർ.ഒ പവലിയൻ 16 വരെ മേളയിൽ പ്രവർത്തിക്കുമെന്ന് കൺവീനർ ഗോപീകൃഷ്ണൻ അറിയിച്ചു.

കൗതുകമായി മിനി ബിനാലെ

മിനി ബിനാലെ ടി- 20 പാലോട് മേളയിൽ കൗതുകമുണർത്തുന്നു.തെരുവ് ചിത്രകാരൻമാരുടെ ഫ്ലോർ പെയിന്റിംഗും ഓലമടലിൽ തീർത്ത കാളകളും മറ്റ് നിശ്ചല ദൃശ്യങ്ങളും സന്ദർശകർക്ക് പുതിയ കാഴ്ചയാണ്.സന്ദർശകർ സ്വന്തമായി പാടുന്നു,നൃത്തം ചെയ്യുന്നു,ചർച്ചകളിൽ പങ്കെടുക്കുന്നു .. ഈ വിധത്തിലാണ് ബിനാലെയുടെ ക്രമീകരണം.ബിജു, സജീവ് എന്നീ കലാകാരന്മാരാണ് നേതൃത്വം നല്കുന്നത്.ഉദ്‌ഘാടന ചടങ്ങിൽ മേള ചെയർമാൻ എം.ഷിറാസ്ഖാൻ, ജനറൽസെക്രട്ടറി ഇ.ജോൺകുട്ടി,ട്രഷറർ വി.എസ് പ്രമോദ്,പ്രോഗ്രാം കൺവീനർ പി.രജി തുടങ്ങിയവർ പങ്കെടുത്തു. മേളയിൽ ഇന്ന് രാവിലെ 10 ന് 'മാദ്ധ്യമങ്ങളും നവ മാദ്ധ്യമങ്ങളും"" എന്ന വിഷയത്തിൽ സെമിനാർ. നടക്കും. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പി.വി മുരുകൻ വിഷയാവതരണം നടത്തും.