തിരുവനന്തപുരം: പാൽ ക്ഷാമം പരിഹരിക്കാൻ തമിഴ്നാട്ടിൽ നിന്ന് മിൽമ കൂടുതൽ പാൽ വാങ്ങും. അവിടെ നിന്ന് ആവശ്യത്തിന് കിട്ടാതെ വന്നാൽ മാത്രം സ്വകാര്യ ഫാമുകളെ ആശ്രയിച്ചാൽ മതിയെന്നും ഇന്നലെ ചേർന്ന മിൽമ ഹൈപ്പവർ കമ്മിറ്റി യോഗം തീരുമാനിച്ചു.
തമിഴ്നാട് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ നിന്ന് കൂടുതൽ പാൽ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.
മുൻ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം ലിറ്റർ പാലിന്റെ കുറവാണ് തിരുവനന്തപുരം ഡെയറി നേരിടുന്നത്. തിരുവനന്തപുരം മേഖലയിൽ 4.75 ലക്ഷം ലിറ്റർ പാലാണ് മിൽമയുടെ പ്രതിദിന വില്പന. ക്ഷീരസംഘങ്ങളിൽ നിന്ന് 3.3 ലക്ഷം ലിറ്റർ സംഭരിച്ചിരുന്നതിൽ ഇപ്പോൾ 50,000 ലിറ്ററിന്റെ കുറവുണ്ട് . മലബാർ മേഖലയിൽ നിന്നുള്ള 40,000 ലിറ്റർ പാലും ലഭിക്കാതായി. കർണാടക മിൽക്ക് മാക്കറ്റിംഗ് ഫെഡറേഷൻ നൽകിവന്നിരുന്ന ഒരു ലക്ഷം ലിറ്റർ 45,000 ലിറ്ററായി കുറയ്ക്കുകയും ചെയ്തതോടെയാണ് ക്ഷാമം രൂക്ഷമായത്. വേനൽ കടുത്തതോടെ പാലിന്റെ അളവിലുണ്ടായ കുറവാണ് പ്രശ്നമായത്.