cag

തിരുവനന്തപുരം: പൊലീസിന് വോയ്സ് ലോഗറുകൾ വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നതായി സി.എ.ജി കണ്ടെത്തി. ആദ്യം ക്വട്ടേഷൻ നൽകിയ തേഡ് എന്റിറ്റി സെക്യൂരിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ ഒഴിവാക്കി ലോ അബൈഡിംഗ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന് കരാർ നൽകിയത് വ്യവസ്ഥകൾ ലംഘിച്ചാണ്. വോയ്സ് ലോഗറുകൾ വാങ്ങാൻ കെൽട്രോണിനെയാണ് പൊലീസ് ആദ്യം സമീപിച്ചത്. 2015ൽ 90ലക്ഷത്തിന്റെ അനുമതിയാണ് സർക്കാർ നൽകിയിരുന്നത്. യൂണിറ്റിന് 3.07 ലക്ഷംവച്ച് 5 യൂണിറ്റുകൾ നൽകാമെന്ന് കെൽട്രോൺ മറുപടി നൽകി. 10 യൂണിറ്റുകൾ 30 ലക്ഷത്തിന് നൽകാൻ പൊലീസ് കരാറിൽ ഏർപ്പെട്ടു. കെ.എസ്.ബാലസുബ്രഹ്മണ്യനായിരുന്നു അന്നത്തെ ഡി.ജി.പി. ഇതിനുള്ള പ്രതിഫലം 2016സെപ്തംബറിൽ നൽകുമ്പോൾ ഡിജിപി സ്ഥാനത്ത് ലോക്‌നാഥ് ബെഹറയായിരുന്നു.

തേർഡ് എന്റിറ്റി സെക്യൂരിറ്റി സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽനിന്ന് യൂണിറ്റിന് 2.60 ലക്ഷം നിരക്കിൽ 30 ലോഗറുകൾ വിതരണം ചെയ്യാനുള്ള ക്വട്ടേഷൻ കെൽട്രോൺ 2015 ഫെബ്രുവരി 27ന് കരസ്ഥമാക്കിയിരുന്നു. യൂണിറ്റിന് 2.07 ലക്ഷത്തിന് നൽകാമെന്ന പുതുക്കിയ നിർദേശം ഈ കമ്പനിയിൽ നിന്ന് പിന്നീട് കെൽട്രോണിനു ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വോയ്സ് ലോഗറുകൾ 3.07 ലക്ഷത്തിന് നൽകാമെന്ന് കെൽട്രോൺ സമ്മതിച്ചത്. ഈ സമയത്ത് പൊലീസ് നവീകരണത്തിന്റെ ചുമതലയുള്ള എഡിജിപി, തനിക്ക് ലോ അബൈഡിങ് ടെക്‌നോളജീസ് (എൽഎടി) എന്ന കമ്പനിയിൽനിന്ന് 1.72 ലക്ഷം രൂപയ്ക്ക് വോയ്സ് ലോഗറുകൾ ലഭിക്കുമെന്ന അറിയിപ്പ് കിട്ടിയ കാര്യം കെൽട്രോണിനെ അറിയിച്ചു. കെൽട്രോൺ പറഞ്ഞ യൂണിറ്റിന് 3 ലക്ഷമെന്ന നിരക്ക് വിപണിവിലയേക്കാൾ കൂടുതലായതിനാൽ സ്വീകാര്യമല്ലെന്നും അറിയിച്ചു.

ന്യായമായ നിരക്ക് നിർദേശിച്ചില്ലെങ്കിൽ നിയന്ത്രിത ടെൻഡറിലേക്കു പോകുമെന്ന് ഇതേദിവസം തന്നെ ഡിജിപിയും കെൽട്രോണിനെ അറിയിച്ചു. ഈ കത്തു കിട്ടിയശേഷം കെൽട്രോൺ തേഡ് എന്റിറ്റി സെക്യൂരിറ്റി സൊല്യൂഷൻ എന്ന കമ്പനിയെ ഉപേക്ഷിച്ചു. അവരിൽനിന്ന് കുറഞ്ഞ നിരക്കുകൾ ലഭിക്കുന്നതിനും ശ്രമിച്ചില്ല. പിന്നീട് എൽഎടിയിൽനിന്ന് യൂണിറ്റിന് 3 ലക്ഷം രൂപയ്ക്ക് 10 യൂണിറ്റുകൾ വാങ്ങി. എൽഎടിക്ക് കരാർ ലഭിക്കാൻ നടപടികളിൽ ക്രമക്കേട് നടന്നെന്നാണ് സി.എ.ജി കണ്ടെത്തിത്.

സിഎജിയുടെ വിമർശനം ഇങ്ങനെ: നടപടിക്രമങ്ങൾ പാലിച്ചാലേ പണം നൽകാവൂ എന്ന വ്യവസ്ഥ ലംഘിച്ചിട്ടും ഡിജിപി കെൽട്രോണിന് പണം നൽകി. എഡിജിപി നവീകരണം, എൽഎടി, കെൽട്രോൺ എന്നിവരുടെ അവിശുദ്ധ കൂട്ടുകെട്ട് സംഭരണ പ്രക്രിയയെ നിഷ്ഫലമാക്കി. നിരീക്ഷണ ഉപകരണമായതിനാൽ രഹസ്യം സൂക്ഷിക്കാനാണ് ടെൻഡർ വിളിക്കാത്തതെന്ന പൊലീസിന്റെ വാദം നിലനിൽക്കില്ല. വോയ്സ് ലോഗറിന്റെ സംഭരണം നിയന്ത്രിത ടെൻഡർ വഴി വേണമെന്നും കെൽട്രോണിന്റെ നിരക്ക് കൂടുതലാണെന്നും അറിയാമായിട്ടും സംഭരണം കെൽട്രോൺ വഴി മതി എന്ന് ഡിജിപി തീരുമാനിച്ചത് സംശയകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.