നെയ്യായിൻകര: കോടതി സമുച്ചയത്തിന് പുറകുവശത്തുള്ള കന്നിപ്പുറം കടവിന് സമീപം രക്തക്കറ കണ്ടത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കടവിനു സമീപത്തെ റോഡിലും വീടുകളുടെ മതിലിലും രക്തക്കറ കണ്ടത്. തീരത്തുള്ള ഒരു വീടിന്റെ മതിലിൽ രക്തത്തിൽ കുതിർന്ന തുണിയും കണ്ടെത്തി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നെയ്യായിൻകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയിൽ ആരുടെയെങ്കിലും ദേഹം മുറിഞ്ഞുണ്ടായ രക്തമാകാം, അല്ലങ്കിൽ മോഷണ ശ്രമത്തിനിടയിൽ കൈകാലുകൾ മുറിഞ്ഞതുമാകാമെന്നാണ് എസ്.ഐ പറയുന്നത്. ഇത്രയധികം രക്തം പ്രദേശത്ത് കണ്ട സ്ഥിതിക്ക് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.