വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഇൗ മാസം 21 മുതൽ
ആസ്ട്രേലിയയിൽ
പുരുഷ ട്വന്റി 20 ലോകകപ്പ് ഒക്ടോബറിൽ ആസ്ട്രേലിയയിൽ
മെൽബൺ : ക്രിക്കറ്റിൽ ഇത് ലോകകപ്പുകളുടെ വർഷമാണ്. അണ്ടർ 19 ഏകദിന ലോകകപ്പിന് കൊടിയിറങ്ങിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. ഇനി ട്വന്റി 20 ലോക കപ്പുകളുടെ വരവാണ്. ആദ്യം വനിതകളുടെ ട്വന്റി 20 പൂരം പിന്നെ കൊമ്പൻമാരുടെ തിടമ്പ് എഴുന്നള്ളിപ്പ്. രണ്ട് ഉത്സവങ്ങളും നടക്കുന്നത് കംഗാരുക്കളുടെ നാട്ടിലും.
ഇൗമാസം 21 നാണ് പെൺപൂരത്തിന് കൊടിയേറുന്നത്. ഒക്ടോബർ മാസത്തിലാണ് പുരുഷ ലോകകപ്പ്. അഞ്ച് ടീമുകൾ വീതമടങ്ങുന്ന രണ്ട് ഗ്രൂപ്പുകളിലായി പത്ത് രാജ്യങ്ങളാണ് വനിതാലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ആസ്ട്രേലിയ, ന്യൂസിലാൻഡ്, ശ്രീലങ്ക തുടങ്ങിയ മികച്ച ടീമുകൾ അടങ്ങിയ എ ഗ്രൂപ്പിലാണ് ഇന്ത്യയും മത്സരിക്കേണ്ടത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് സെമിയിലേക്ക് പ്രവേശനം. മാർച്ച് 5, 6 തീയതികളിൽ സിഡ്‌നിയിലാണ് സെമിഫൈനലുകൾ. എട്ടിന് മെൽബണിൽ ഫൈനൽ നടക്കുന്നത്. 21ന് നടക്കുന്ന ആദ്യമത്സരത്തിൽ ഇന്ത്യയും ആതിഥേയരും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
ഗ്രൂപ്പ് എ
ആസ്ട്രേലിയ
ഇന്ത്യ
ബംഗ്ളാദേശ്
ന്യൂസിലാൻഡ്
ശ്രീലങ്ക
ഗ്രൂപ്പ് ബി
ഇംഗ്ളണ്ട്
പാകിസ്ഥാൻ
ദക്ഷിണാഫ്രിക്ക തായ്‌ലാൻഡ
വെസ്റ്റ് ഇൻഡീസ്
ഇന്ത്യയുടെ മത്സരങ്ങൾ
ഫെബ്രുവരി 21
Vs ആസ്ട്രേലിയ
ഫെബ്രുവരി 24
Vs ബംഗ്ളാദേശ്
ഫെബ്രുവരി 27
Vs ന്യൂസിലാൻഡ്
ഫെബ്രുവരി 29
Vs ശ്രീലങ്ക
ഇന്ത്യൻ ടീം ഇവരിൽനിന്ന്
ഹർമൻ പ്രീത് കൗർ (ക്യാപ്ടൻ), സ്മൃതി മന്ദന, ഹർലീൻ ഡിയോൾ, രാജേശ്വരി ഗെയ്ക്ക് വാദ്, റിച്ച ഘോഷ്, വേദ കൃഷ്ണമൂർത്തി, ശിഖ പാണ്ഡെ, പൂനം യാദവ്, അരുന്ധതി റെഡ്ഡി, ഷഫാലി വർമ്മ, ജെമീമ റോ ഡ്രിഗസ്, ദീപ്തി ശർമ്മ, പൂജാ വസ്ത്രാകർ, രാധായാദവ്.
7
ഐ.സി.സി സംഘടിപ്പിക്കുന്ന ഏഴാമത്തെ വനിതാ ട്വന്റി 20 ലോകകപ്പാണിത്. 2018 ലാണ് ആറാമത്തെ ലോകകപ്പ് നടന്നത്. അന്ന് ആതിഥേയത്വം വഹിച്ചത് വെസ്റ്റ് ഇൻഡീസ്. ചാമ്പ്യൻമാരായത് ആസ്ട്രേലിയ.
4
തവണ വനിതാ ട്വന്റി 20 ലോകകപ്പ് നേടിയവരാണ് ഇത്തവണത്തെ ആതിഥേയരായ ആസ്ട്രേലിയ.
ചാമ്പ്യൻമാർ ഇതുവരെ
2009- ഇംഗ്ളണ്ട്
2010- ആസ്ട്രേലിയ
2012- ആസ്ട്രേലിയ
2014- ആസ്ട്രേലിയ
2016- വിൻഡീസ്
2018- ആസ്ട്രേലിയ
കന്നിക്കപ്പ്
നേടുമോ ഇന്ത്യ?
വനിതാ ക്രിക്കറ്റിൽ ഇതുവരെ ലോക കിരീടം നേടാൻ കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യൻ ടീമിന് ഇക്കുറി അതിന് കഴിയുമോ എന്ന ചിന്തയിലാണ് ആരാധകർ. എന്നാൽ ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ സംഘത്തിന്റെ വലിയ വെല്ലുവിളിയാണ് ആസ്ട്രേലിയയിൽ കാത്തിരിക്കുന്നത്. ഗ്രൂപ്പ് റൗണ്ടിൽ ആദ്യമത്സരം തന്നെ ആതിഥേയരായ ആസ്ട്രേലിയയോടാണ്. ന്യൂസിലൻഡും ബംഗ്ളാദേശും ശ്രീലങ്കയുമാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികൾ.
ലോകകപ്പിന്റെ ഡ്രസ് റിഹേഴ്സലായിരുന്നു കഴിഞ്ഞദിവസം ആസ്ട്രേലിയയ്ക്കെതിരായ ഫൈനൽ തോൽവിയോടെ അവസാനിച്ച ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റ്. ആസ്ട്രേലിയയിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യയെയും ആതിഥേയരെയും കൂടാതെ പങ്കെടുത്തത് പ്രഥമ ട്വന്റി 20 ലോക ചാമ്പ്യൻമാരായ ഇംഗ്ളണ്ടാണ്. ഗ്രൂപ്പ് റൗണ്ടിൽ ഒാരോ ടീമിനോടും രണ്ട് മത്സരമായിരുന്നു ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. ഇതിൽ ഒാരോ ജയവും തോൽവിയും വീതം നേടിയ ഇന്ത്യ റൺറേറ്റിന്റെ മികവിലാണ് ഫൈനലിലെത്തിയത്. ഫൈനലിൽ ആസ്ട്രേലിയയോട് തോറ്റത് 11 റൺസിനാണ്.
ഇന്ത്യൻ പ്രതീക്ഷകൾ
യുവ താരങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് ഇന്ത്യൻ ടീം കംഗാരുക്കളുടെ മണ്ണിലെത്തിയിരിക്കുന്നത്. ക്യാപ്ടൻ ഹർമൻ പ്രീത് കൗർ, വൈസ് ക്യാപ്ടൻ സ്മൃതി മന്ദാന, കൗമാര വിസ്മയം ഷെഫാലിവർമ്മ, ജെമീമ റോഡ്രിഗസ്, വേദ കൃഷ്ണമൂർത്തി, ദീപ്തി ശർമ്മ, ശിഖ പാണ്ഡ്യെ തുടങ്ങിയവരാണ് പ്രതീക്ഷയുണർത്തുന്നത്.
അതേസമയം പരിചയസമ്പന്നരായ മിഥാലി രാജ്, ജലാൽ ഗോസ്വാമി എന്നിവർ ടീമിലില്ല.