തിരുവനന്തപുരം: പൗരത്വ ഭേദഗതിനിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന പ്രക്ഷോഭങ്ങൾക്ക് നാളെ തുടക്കമാകും. നാളെ വൈകിട്ട് 4ന് തമ്പാനൂർ ആർ.എം.എസിന് മുന്നിൽ ധ‌ർണ,​ തുടർന്ന് സെമിനാർ,​ പൗരത്വ പത്രിക വിതരണം. തുടർദിവസങ്ങളിൽ​ ഭവനസന്ദർശനം,​ സാംസ്കാരിക കൂട്ടായ്മ,​ ചർച്ചകൾ,​ പൊതുസമ്മേളനം തുടങ്ങിയവയും ഉണ്ടായിരിക്കും. പ്രക്ഷോഭപരിപാടികൾ ചർച്ച ചെയ്യാൻ ചേർന്ന യോഗം ജമാഅത്ത് കൗൺസിൽ സംസ്ഥാന സംഘടനാകാര്യ വകുപ്പ് സെക്രട്ടറി പി. സെയ്യദലി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് യൂത്ത് കൗൺസിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് പാപ്പനംകോട് അൻസാരി അദ്ധ്യക്ഷത വഹിച്ചു. പരിപാടികൾക്ക് കുറ്റിച്ചൽ അസ്ലം ചെയർമാനായും റാമിസ് കരമന കൺവീനറായും കമ്മിറ്റി രൂപീകരിച്ചു.