ആദ്യ ട്വന്റി 20 യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു റൺ വിജയം
നൽകി പേസർ ലുൻഗി എൻഗിഡി
കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ആരാധകരുടെ ചർച്ച മുഴുവൻ ഇംഗ്ളണ്ടിനെതിരായ ആദ്യ ട്വന്റി 20 യിൽ ദക്ഷിണാഫ്രിക്കൻ പേസർ ലുൻഗി എൻഗിഡി എറിഞ്ഞ അവസാന ഒാവറിനെക്കുറിച്ചായിരുന്നു.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 177/8 എന്ന സ്കോർ ചേസ് ചെയ്യാനിറങ്ങിയ ഇംഗ്ളണ്ടിന് അവസാന ഒാവറിൽ ജയിക്കാൻ ഏഴ് റൺസ് മതിയായിരുന്നു. എന്നാൽ ലുൻഗി വിട്ടുകൊടുത്തത് അഞ്ച് റൺസ് മാത്രം. ഒരു റൺഒൗട്ടടക്കം മൂന്ന് ഇംഗ്ളണ്ട് വിക്കറ്റുകൾ ഇൗ ഒാവറിൽ വീഴുകയും ചെയ്തു.
ലാസ്റ്റ് ഒാവറിൽ സംഭവിച്ചത്
1. ടോം കറൻ രണ്ട് റൺസ് നേടുന്നു
2. ടോം കറൻ മില്ലർക്ക് ക്യാച്ച് നൽകി പുറത്ത്
3. മൊയീൻ അലിക്ക് റൺ നേടാൻ കഴിഞ്ഞില്ല
4. മൊയീൻ രണ്ട് റൺസ് നേടുന്നു
5. മൊയീൻ ക്ളീൻ ബൗൾഡാകുന്നു
6. സമനിലയ്ക്കുള്ള രണ്ടാം റൺസിനോടിയ ആദിൽ റഷീദ്
റൺ ഒൗട്ടാവുന്നു
4-0-30-3
ലുൻഗി എൻഗിഡിയുടെ ബൗളിംഗ് ഇങ്ങനെ
18-ാം ഒാവറിൽ ബെൻ സ്റ്റോക്സിനെ എൻഗിഡി പുറത്താക്കിയതാണ് കളിയിൽ വഴിത്തിരിവുണ്ടാക്കിയത്. തുടർന്ന് അവസാന ഒാവറിൽ അഞ്ച് റൺസ് മാത്രം നൽകി രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയ എൻഗിഡി മാൻ ഒഫ് ദ മാച്ചായി.
രണ്ടാം ട്വന്റി 20 ഇന്ന് രാത്രി 9.30 മുതൽ ഡർബനിൽ