കിളിമാനൂർ: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ വീണ്ടും അറസ്റ്റിൽ. ആറ്റിങ്ങൽ അണ്ടൂർക്കോണം കലാഭവനിൽ അഖിൽ (അക്കു, 23) ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. പൊലീസ് പറയുന്നതിങ്ങനെ: 2019 ൽ പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലുളള പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി അടുത്ത കാലത്ത് ജാമ്യത്തിലിറങ്ങുകയും കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിൽ കൊണ്ടുപോയി നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ആറ്റിങ്ങൽ പൊലീസിലും കേസുണ്ട്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി വി.ബേബി, എസ്.ഐ പ്രൈജു, ഷാജി, സുരേഷ് കുമാർ, എ.എസ്.ഐമാരായ ഷാജി, പ്രദീപ്, സി.പി.ഒമാരായ രജിത്, സുജിത്, വിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.