തിരുവനന്തപുരം: ഒ.എൻ.വിയുടെ ചരമവാർഷിക ദിനമായ ഇന്നലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വഴുതക്കാട്ടെ ഒ.എൻ.വിയുടെ വസതിയായ ഇന്ദീവരത്തിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ഒ.എൻ.വിയുടെ ഭാര്യ സരോജിനി, മകൻ രാജീവ്, മകൾ മായ എന്നിവർ ചേർന്ന് കാനത്തെ വരവേറ്റു.
ഒ.എൻ.വിയുടെ സ്മരണകൾ ഇടതുപക്ഷപ്രസ്ഥാനത്തിന് എക്കാലവും ആവേശം പകരുന്നതാണെന്നും അദ്ദേഹം ഉണ്ടായിരുന്നുവെങ്കിൽ ഇന്നത്തെ സവിശേഷമായ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അവയോടെല്ലാം ശക്തമായി പ്രതികരിക്കുമായിരുന്നുവെന്നും കാനം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി മുരളി പ്രതാപ്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവരും കാനത്തിനൊപ്പമുണ്ടായിരുന്നു.