കൊൽക്കത്ത : കഴിഞ്ഞ ഡിസംബറിൽ പെരിന്തൽമണ്ണയിൽ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ച മലയാളി ഫുട്ബാൾ താരം ആർ. ധൻരാജിന്റെ കുടുംബത്തെ സഹായിക്കാനായി കൊൽക്കത്തയിൽ മുൻ ഇന്ത്യൻ താരങ്ങളടക്കം സൗഹൃദ ഫുട്ബാൾ മത്സരത്തിനിറങ്ങുന്നു. ഇൗമാസം 19ന് മുഹമ്മദൻസ് സ്പോർട്ടിംഗ് ഗ്രൗണ്ടിലാണ് ചാരിറ്റി മാച്ച്.
പ്ളേയേഴ്സ് ഫോറവും ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനും ഇൻകം ടാക്സ് റിക്രിയേഷൻ ക്ളബും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരത്തിന്റെ മുഴുവൻ ഗേറ്റ് കളക്ഷനും സഹായധനമായി നൽകും. മുൻ ഇന്ത്യൻ ക്യാപ്ടൻ അർണാബ് മൊണ്ടാൽ, മെഹ്താബ് ഹൊസൈൻ, റഹിം നബി, ഡെൻസൺ ദേവദാസ് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ധൻരാജിനായി ബൂട്ടുകെട്ടും. കൊൽക്കത്ത ക്ളബുകളായ മോഹൻ ബഗാൻ, ഇൗസ്റ്റ് ബംഗാൾ, മൊഹമ്മദൻ സ്പോർട്ടിംഗ് എന്നിവയ്ക്കുവേണ്ടി കളിച്ചിട്ടുള്ള ധൻരാജ് 2019 ഡിസംബർ 29 നാണ് മരണത്തിന് കീഴടങ്ങിയത്.
ജനുവരി 26ന് കോഴിക്കോട് ഗോകുലം എഫ്.സിയും ചർച്ചിൽ ബ്രദേഴ്സും തമ്മിൽ നടന്ന ഐ ലീഗ് മത്സരത്തിന്റെ ഗേറ്റ് കളക്ഷനായി ലഭിച്ച 5.6 ലക്ഷംരൂപ ഗോകുലം ധൻരാജിന്റെ കുടുംബത്തിന് കൈമാറിയിരുന്നു.
കഴിഞ്ഞ മാസം ഇന്ത്യൻ ക്യാപ്ടൻ സുനിൽഛെത്രിയും ഐ.എം. വിജയനുമടക്കമുള്ളവർ പാലക്കാട്ട് നടത്താൻ നിശ്ചയിച്ചിരുന്ന ചാരിറ്റി മത്സരത്തിന് തൊട്ടുമുമ്പ് താത്കാലിക ഗാലറി തകർന്നിരുന്നു.