ard
ആര്യനാട് ഡിപ്പോ

പ്രവർത്തനം തുടങ്ങിയിട്ട് 20 വർഷം

രാത്രിയിൽ ബസുകളുടെ പാർക്കിംഗ് റോഡിലും

വാട്ടർ ടാങ്ക് വൃത്തിയാക്കിയിട്ട് മൂന്ന് വർഷം

വെള്ളനാട് ഡിപ്പോയ്ക്ക് കീഴിലായതോടെ എ.ടി.ഒ ഇല്ലാതായി

എ.ടി.ഒ ഇല്ലാതായിട്ട് 5 വർഷം

ചുമതല ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർക്ക്

സർവീസുകൾ

നേരത്തെ-42

നിലവിൽ-30

ആര്യനാട്: നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ കഴിയാത്തതിന് തെളിവായി ആര്യനാട് ഡിപ്പോ. രണ്ടായിരത്തിൽ പ്രവർത്തനം തുടങ്ങിയ ഡിപ്പോയുടെ ഇന്നത്തെ സ്ഥിതി പരിതാപകരമാണ്.

ദിവസവും ഏതൊക്കെ സർവീസുകൾ ഉണ്ടാകുമെന്ന് ജീവനക്കാർക്ക് ഒരു നിശ്ചയവുമില്ല. ഓരോ ദിവസവും ഇത്ര കിലോമീറ്ററേ ഒാടാവൂ എന്ന് ഡിപ്പോയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നതിനാൽ ഏതു തുടങ്ങണം, ഏതു തുടങ്ങേണ്ട എന്ന ആശയക്കുഴപ്പത്തിലാണ് ഡ്യൂട്ടിയിലുള്ള സ്റ്റേഷൻ മാസ്റ്റർ. എന്നിട്ടും ചീഫ് ഓഫീസിന്റെ ടാർജറ്റിനെക്കാൾ നിത്യവും കളക്ഷനുണ്ടാക്കുന്ന ഡിപ്പോകൂടിയാണ് ആര്യനാട്.

15 വർഷം മുൻപ് നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന കല്ലാമം, ഓണംകോട് സർവീസുകൾ പുനഃരാരംഭിക്കണമെന്ന ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. സമാന്തര സർവീസുകളില്ലാത്ത പ്രദേശത്തേക്കുള്ള സർവീസ് അടിയന്തരമായി തുടങ്ങണമെന്ന ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും അഭ്യർത്ഥന എ.ടി.ഒ ചെവിക്കൊള്ളുന്നില്ലെന്നും ആക്ഷേപമുണ്ട്.

ജീവനക്കാരെ തോന്നിയപോലെ സ്ഥലം മാറ്റുന്നതാണ് മറ്റൊരു പരാതി. ജോലി ക്രമീകരണത്തിന്റെ ഭാഗമായി മൂന്നുമാസത്തേക്ക് ഡ്രൈവർമാരെ സ്ഥലo മാറ്റുന്നുണ്ടെങ്കിലും നിശ്ചിത ഡ്യൂട്ടി കഴിഞ്ഞാലും അവരെ തിരികെവിടുന്നില്ലെന്നാണ് പരാതി. അതേസമയം മദർ ഡിപ്പോയായ വെള്ളനാട്ടെ ഡ്രൈവർമാർക്ക് സ്ഥലം മാറ്റമില്ല. ബാത്ത് റൂമും ഡിപ്പോ പരിസരവും വൃത്തിയാക്കുന്ന കാഷ്വൽ - വനിതാ ജീവനക്കാർക്ക് സോപ്പോ കൈ ഉറയോ നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഭീഷണിയായി അഗാധഗ‌ർത്തം

ഡിപ്പോയുടെ ഗ്രൗണ്ടിന്റെ മദ്ധ്യഭാഗത്ത് അഗാധഗർത്തം രൂപംകൊണ്ടിട്ട് മാസങ്ങളായി

കുഴി നികത്താൻ ഇതുവരെയും നടപടിയായില്ല

പലപ്പോഴും തലനാഴിയ്ക്കാണ് അപകടം ഒഴിവാകുന്നത്

കുടിവെള്ളമില്ല

യാത്രക്കാർക്ക് കുടിവെള്ളം ലഭിക്കാൻ സൗകര്യം ഇല്ല

ദാഹിച്ചെത്തുന്ന സ്കൂൾ കുട്ടികളും യാത്രക്കാരും ബുദ്ധിമുട്ടുന്നു

യാത്രക്കാർക്ക് നൽകുന്നത് ജീവനക്കാർ കൊണ്ടുവരുന്ന വെള്ളം

വീഴാറായി വിശ്രമമുറി

എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാറായ കെട്ടിടത്തിലാണ് യാത്രക്കാർ വിശ്രമിക്കുന്നത്. വനിതാ ജീവനക്കാരുടെ വിശ്രമമുറിയും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.