melania

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്ക് വരുമ്പോൾ കാഴ്ചകൾക്ക് നിറംപകരുന്നത് ഭാര്യ മെലാനിയയായിരിക്കും. ഫാഷനിൽ എന്നും പുതുമ സൃഷ്ടിക്കുന്ന മെലാനി ഏത് വേഷത്തിലായിരിക്കും ഇന്ത്യയിലെത്തുക എന്നാണ് ലോകം കാത്തിരിക്കുന്നത്. പ്രസിഡൻറായതിനുശേഷം ട്രംപ് ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യം.

ആദ്യത്തെ ഇന്ത്യാ സന്ദർശനത്തിൻെറ ത്രില്ലിലാണ് താനെന്ന് 49കാരിയായ മെലാനിയ പറയുന്നു. ട്രംപിന്റെ ആദ്യ ഭാര്യയിലെ മകൾ ഇവാൻക ട്രംപ് 2017ൽ ഹൈദരാബാദിൽ നടന്ന ആഗോള സംരംഭക ഉച്ചകോടിയിൽ ട്രംപിന് പകരം പങ്കെടുത്തിരുന്നു. രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക വിരുന്നിനുശേഷം മെലാനിയയും ട്രംപും ആഗ്രയിൽ താജ്മഹൽ സന്ദർശിച്ചേക്കും. ഇന്ത്യയിലെത്തുന്ന രാഷ്ട്രത്തലവൻമാരെല്ലാം തന്നെ പ്രേമസൗധത്തിൻെറ മകുടോദാഹരണവും ലോകാത്ഭുതവുമായ താജ്മഹൽ സന്ദർശിക്കുന്നത് പതിവാണ്. ഇംപീച്ച്മെന്റ് നടപടികൾക്കുശേഷം ആദ്യമായാണ് ട്രംപ് ഒരു വിദേശ രാജ്യത്ത് ഔദ്യോഗിക സന്ദർശനം നടത്തുന്നത്. വിയറ്റ്നാം, ഫിലിപ്പീൻസ്, ചൈന, ജപ്പാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലെല്ലാം ട്രംപ് മുമ്പ് സന്ദർശനം നടത്തിയിട്ടുണ്ട്. ഈ വർഷം സ്വിറ്റ്സർലൻഡിലെ ഡാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനുശേഷം ട്രംപ് നടത്തുന്ന രണ്ടാമത്തെ വിദേശയാത്ര ഇന്ത്യയിലേക്കാണ്.

 ഫാഷൻ ഐക്കൺ

അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് എപ്പോഴും വാർത്തകളിൽ താരമാണ്. പൊതുവേ സ്വകാര്യത സൂക്ഷിക്കുന്ന മെലാനിയയുടെ പ്രത്യക്ഷപ്പെടൽ എന്നും ശ്രദ്ധാകേന്ദ്രമാണ്. മെലാനിയയുടെ വസ്ത്രങ്ങളിലാണ് എല്ലാവരെയും കണ്ണുകൾ. മെലാനിയയെ പോലെ ഫാഷൻ രംഗത്ത് ഇത്രയധികം ശ്രദ്ധചെലുത്തുന്ന ഒരു അമേരിക്കൻ പ്രഥമ വനിതയെ കണ്ടെത്തുക പ്രയാസമായിരിക്കും. ഡിസൈനർമാരുടെ ഫാഷൻ ഐക്കൺ തന്നെയാണ് മെലാനിയ. തന്റെ ഫാഷൻ സങ്കല്പങ്ങളെ പറ്റിയെന്നും മെലാനിയ അങ്ങനെ തുറന്ന് പറയാറില്ല. ഏകദേശം 78,524 രൂപ മുതലുള്ള വസ്ത്രങ്ങളാണ് മെലാനിയ ധരിക്കുന്നത്. അമേരിക്കൻ മുൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുടെ ഭാര്യ ജാക്വിലിൻ കെന്നഡിയെ കടത്തിവെട്ടുന്നതാണ് മെലാനിയയുടെ ഫാഷൻ സങ്കല്‌പങ്ങൾ. വൈറ്റ് ഹൗസിലേക്കുള്ള മെലാനിയയുടെ കടന്ന് വരവ് ഒരു പൗഡർ ബ്ലൂ റാൽഫ് ലോറൻ ഡ്രെസിലൂടെയായിരുന്നു. അത് സൃഷ്ടിച്ചത് പുത്തൻ ഫാഷൻ തരംഗമായിരുന്നു. ബോൾഡ് ആൻഡ് എലഗന്റ് എന്നാണ് മെലാനിയയുടെ വേഷങ്ങളെ വിശേഷിപ്പിക്കുന്നത്. ഏത് രാജ്യത്ത് പോയാലും അവിടുത്തെ സംസ്‌കാരത്തോട് ഒത്ത് പോകുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും മെലാനിയ ശ്രദ്ധിക്കാറുണ്ട്. 2017ൽ കറുത്ത ഗൗണിനൊപ്പം വലിയ ഗോൾഡ് ബെൽറ്റും നെക്ലസും ധരിച്ചത് അതിൻെറ ഉദാഹരണം മാത്രം. പൊതുവേ സ്വർണത്തിന് സൗദി അറേബ്യയിൽ നല്ല പ്രാധാന്യമുണ്ടായതിനാലാണ് മെലാനിയ ഇത്തരമൊരു സ്റ്റൈൽ തിരഞ്ഞെടുത്തത്. ഏറെ ഹിറ്റായി മാറിയ മെലാനിയയുടെ ഈ സെയ്ന്റ് ലോറന്റ് പൈത്തൺ ബെൽറ്റ് പിന്നീട് ലേലത്തിൽ പോയി.

കോട്ടുകൾ ധരിക്കുമ്പോൾ തിരഞ്ഞെടുക്കുന്നത് ആയിരക്കണക്കിന് ഡോളറുകൾ വിലമതിക്കുന്ന വി.ഐ.പി ടച്ചുള്ളവയാണ്. അതാണ് മെലാനിയയുടെ ഫേവറിറ്റ്. അതേ സമയം ഇങ്ങനെ വേഷം കെട്ടി നടക്കവേ ഒത്തിരി വിമർശനങ്ങൾക്കും വിധേയയായിട്ടുണ്ട്. അവിടെയാണ മിഷേൽ ഒബാമയെ വേറിട്ട് നിറുത്തുന്നത്. അനാഥാലയങ്ങൾ സന്ദർശിക്കാൻ പോകുമ്പോൾ പോലും ആഡംബര വസ്ത്രങ്ങളണിയുന്ന മെലാനിയെ സോപ്പ് ഒപ്പേറ എന്ന് വരെ ആക്ഷേപരൂപത്തിൽ വിളിച്ചാക്ഷേപിച്ചിട്ടുണ്ട്. മിഷേലാകട്ടെ ഇത്തരം അവസരങ്ങളിൽ സാധാരണക്കാർക്കൊപ്പം നില്‌ക്കുന്ന വേഷങ്ങളാണ് ധരിച്ചിരുന്നത്. മിഷേൽ ഇത്തരം സന്ദർഭങ്ങളിൽ കാഷ്വൽ ഷർട്ടുകൾ തിരഞ്ഞെടുത്തിരുന്നെങ്കിൽ മെലാനിയ ഫ്രഞ്ച്, ഇറ്റാലിയൻ ബ്രാൻഡുകളുടെ വിലകൂടിയ ഷർട്ടുകളാണ് ഉപയോഗിക്കുന്നത്. ട്രൗസറുകൾ തിരഞ്ഞെടുക്കുന്നതിലും മെലാനിയയ്‌ക്ക് അപാര ഫാഷൻ സെൻസാണ്. എന്നാൽ മെലാനിയ ട്രൗസറുകൾ ധരിക്കുന്നത് ട്രംപിന് ഇഷ്‌ടമല്ലത്രേ. മെലാനിയ എപ്പോഴും ഒരു പ്രതിമയെ പോലെയാണെന്നാണ് മറ്റൊരു വിമർശനം.

2018ൽ ട്രംപില്ലാതെ മെലാനിയ ഘാന, ഗോൾഡ് കോസ്റ്റ് തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. എന്നാൽ കറുത്ത വർഗക്കാരോട് പൊതുവേ അവജ്ഞയുള്ള ട്രംപിന്റെ പ്രതിഛായ മാറ്റിയെടുക്കാനും തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ കറുത്ത വർഗക്കാരെ സ്വാധീനിക്കാനുമാണ് മെലാനിയ ഒറ്റയ്‌ക്ക് ആഫ്രിക്കയിലെത്തിയതെന്നാണ് വിലയിരുത്തൽ. മാദ്ധ്യമങ്ങളിൽ നിന്ന് അകലം പാലിച്ചിരുന്ന മെലാനിയ അന്ന് ആഫ്രിക്കൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ട്രംപ് ഇതേവരെ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിട്ടില്ല. എന്നാൽ ട്രംപിനെ പോലെ ആഫ്രിക്കൻ രാജ്യങ്ങളോട് മെലാനിയയ്‌ക്ക് വെറുപ്പില്ലെന്നും ട്രംപിനെതിരെയുള്ള ഒരു മറുപടിയായിട്ടാണ് അവർ അന്ന് യാത്ര നടത്തിയതെന്നും ചിലർ പറയുന്നു.

 താക്കോൽ ഇവാൻകയുടെ കൈയ്യിൽ

ഔദ്യോഗിക കാര്യങ്ങളിലെല്ലാം മെലാനിയയ്‌ക്ക് പകരം ആദ്യഭാര്യയിലെ മകൾ ഇവാൻകയെയാണ് ട്രംപ് ഒപ്പം നിറുത്തുന്നത്. ഇതിൽ മെലാനിയയ്‌ക്ക് വല്ലാത്ത അമർഷമുണ്ടെന്നാണ് കേട്ടുകേൾവി. പ്രഥമവനിതയുടെ സ്ഥാനം മെലാനിയയ്‌ക്കും ചുമതലകൾ വഹിക്കുന്നത് ഇവാൻകയും. ഇത് മെലാനിയയ്ക്ക് അത്ര രസിക്കുന്നില്ലാത്രേ. പൊതുപരിപാടികളിൽ ഇരുവരും സൗഹൃദത്തോടെ നില്‌ക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അത്ര അടുപ്പമില്ലെന്നും ചില അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

1998ലാണ് മെലാനിയ ആദ്യമായി ഡൊണാൾഡ് ട്രംപിനെ കണ്ടുമുട്ടുന്നത്. 2004ൽ 2.3 മില്ല്യൺ ഡോളർ വിലമതിക്കുന്ന എമറാൾഡ് ഡയമണ്ട് റിംഗുമായി ട്രംപ് മെലാനിയയോട് വിവാഹാഭ്യർത്ഥന നടത്തുകയും തൊട്ടടുത്ത വർഷം ആഡംബരപൂർണമായ ചടങ്ങിൽ വിവാഹിതരാകുകയും ചെയ്‌തു. ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ് മെലാനിയ. ട്രംപ് - മെലാനിയ ദമ്പതികളുടെ ഏകമകൻ ബാരൺ 2006ലാണ് ജനിച്ചത്. വെറും 11 വയസിന്റെ വ്യത്യാസം മാത്രമാണ് മെലാനിയയും ഇവാൻകയും തമ്മിലുള്ളത്. 38കാരിയായ ഇവാൻകയെ കൂടാതെ ഡൊണാൾഡ് ട്രംപ് ജൂനിയർ ( 42)​, എറിക് ( 36 )​, ടിഫനി ( 26 )​എന്നിവരാണ് ട്രംപിന്റെ മറ്റുമക്കൾ.

 സ്ലോവിയക്കാരിയായ മെലാനിയയ്ക്ക് മറ്റുള്ള പ്രഥമ വനിതകളെക്കാൾ കൂടുതൽ ഭാഷകൾ അറിയാം. ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, സെർബിയൻ, സ്ലോവേനിയൻ ഭാഷകൾ മെലാനിയയ്ക്ക് വശമുണ്ട്. സ്ലോവേനിയൻ ആണ് മെലാനിയയുടെ മാതൃഭാഷ. ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത ആദ്യത്തെ പ്രഥമ വനിത മെലാനിയയാണ്. മുൻ ഫാഷൻ മോഡലായ മെലാനിയ സ്പോർട്സ് ഇല്ലുസ്ട്രേറ്റഡ്, വാനിറ്റി ഫെയർ, വോഗ്, ഹാർപേർസ് ബസാർ തുടങ്ങിയ മാഗസിനുകൾക്ക് വേണ്ടി മോഡലായിട്ടുണ്ട്. 16ാം വയസിൽ മോഡലിംഗ് കരിയറിന് തുടക്കമിട്ട മെലാനിയ 1996 ലാണ് ന്യൂയോർക്കിലെത്തിയത്.