thottakkadu-shashi-ulghad

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നെന്നാരോപിച്ച് ബി.ജെ.പി നേതാക്കൾ മാർച്ചും ധർണയും നടത്തി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കഴിഞ്ഞ രണ്ട് വർഷമായി 200 ഓളം കിണറിന്റെയും കക്കൂസിന്റെയും അപേക്ഷ നൽകി പണി പൂർത്തിയാക്കിയെങ്കിലും ഗുണഭോക്താക്കൾക്ക് പണം ലഭിച്ചിട്ടില്ല, ഫെബ്രുവരി ആയിട്ടും 40 ഓളം തൊഴിൽ ദിനങ്ങൾ മാത്രമാണ് ഓരോ ഗ്രൂപ്പിനും ലഭിച്ചത്, തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ച തൊഴിലുറപ്പ് എ.ഇയ്ക്ക് എതിരെ നിയമനടപടി വേണം, നാവായിക്കുളം പഞ്ചായത്തിൽ കോളനി കേന്ദ്രികരിച്ച് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും എസ്.സി ഫണ്ട് ഉപയോഗിച്ച് കുഴൽ കിണർ കുഴിച്ച് പൈപ്പ് കണക്ഷൻ നൽകുന്ന പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ബി.ജെ.പി നാവായിക്കുളം പാഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തിയത്. എതുക്കാട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ അവസാനിച്ചു. ബി.ജെ.പി ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് തോട്ടയ്ക്കാട് ശശി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ പദ്ധതി അട്ടിമറിക്കുന്ന പഞ്ചായത്തിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ആലംങ്കോട് ദാനശീലൻ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പൈവേലിക്കോണം ബിജു, ജനറൽ സെക്രട്ടറി രാജീവ് മുല്ലനല്ലൂർ, വാർഡ് മെമ്പർമാരായ ദീപ.വി, യമുന ബിജു, ബി.ജെ.പി നേതാക്കളായ നാവായിക്കുളം അശോകൻ, നാവായിക്കുളം നിസാം, സുകുമാരകുറുപ്പ്, ജലജ, രവീന്ദ്ര കുറുപ്പ്, ജയ, ദീപു, രതീഷ്, അരുൺ, രാധാകൃഷ്ണൻ, വിജയൻ, ബാബു, മനു, സച്ചു എന്നിവർ പങ്കെടുത്തു.