ഉള്ളൂർ: ഹൃദയശസ്ത്രക്രിയ ഉൾപ്പെടെ മൂന്നു സങ്കീർണ ശസ്ത്രക്രിയകൾ ഏഴുമണിക്കൂറിനുള്ളിൽ വിജയകരമായി പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ. ശ്വാസംമുട്ടലും വയറുവീക്കവുമായി കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ. ജോർജ് കോശിയെ സമീപിച്ച 49കാരിയായ വീട്ടമ്മയാണ് ഒരേസമയം മൂന്നു ശസ്ത്രക്രിയകളിലൂടെ കടന്നുപോയത്. കാർഡിയോളജി ഡോക്ടറുടെ പരിശോധനയിൽ വീട്ടമ്മയുടെ ഹൃദയവാൽവിന് ചുരുക്കമുള്ളതായും ഇടത്തേ ഹൃദയ അറയിൽ ഒരു മുഴയും കണ്ടെത്തി. ഇടത്തേ അറയിൽ നിന്നും വാൽവ് തുളച്ച് മുഴമറ്റൊരു അറയിലേയ്ക്ക് വ്യാപിച്ച നിലയിലായിരുന്നു. അപൂർവവും അപകടകരവുമായ അവസ്ഥയായതിനാൽ രോഗിയുടെ ജീവന് ഭീഷണിയായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയ തീരുമാനിച്ചു. കാർഡിയോ തൊറാസിക് വിഭാഗം പ്രൊഫസർ ഡോ.വി. സുരേഷ് കുമാറിന്റെ നേതൃത്യത്തിൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് പരിശോധനയിൽ രോഗിയുടെ തൈറോയ്ഡ് ഗ്രന്ഥിയിൽ ഒരു വലിയ കാൻസർ മുഴ വളരുന്നതായും അത് കഴുത്തിലെ കുഴലകളിലേയ്ക്ക് വ്യാപിച്ചെന്നും കണ്ടെത്തിയത്. ഗർഭപാത്രത്തിനുള്ളിലും വലിപ്പമുള്ള ഒരു മുഴ കണ്ടെത്തി. 28ആഴ്ച പൂർത്തിയായ ഒരു ഗർഭിണിയുടേതുപോലെ വയർ വീർത്തതിന് കാരണം ഇതായിരുന്നു. രോഗിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കാർഡിയോ തൊറാസിക് വിഭാഗം കൂടാതെ സർജറി, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗം ഡോക്ടർമാർ മൂന്നു ശസ്ത്രക്രിയകളും ഒരേസമയം നടത്താൻ തീരുമാനിച്ചു. ജനുവരി 25ന് ഒരേ ടേബിളിൽ മൂന്നു ചികിത്സാ വിഭാഗങ്ങൾ ചേർന്ന് ശസ്ത്രക്രിയ നടത്തി. ജനറൽ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വിനീതും സംഘവും കഴുത്തിലെ ശസ്ത്രക്രിയ തുടങ്ങിയ അതേസമയം തന്നെ ഗൈനക്കോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജെ. സിമിയുടെ നേതൃത്വത്തിലുള്ള സംഘം ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയും ആരംഭിച്ചു. കാലപ്പഴക്കമുള്ള മുഴകളായിരുന്നതിനാൽ ശസ്ത്രക്രിയ ഏറെ സങ്കീർണമായിരുന്നു. തുടർന്ന് പ്രൊഫ വി. സുരേഷ്‌കുമാറും ഡോ. കൃഷ്ണയും സീനിയർ റസിഡന്റുമാരായ ഡോ. വിപിൻ, ഡോ. മഹേഷ് എന്നിവരടങ്ങുന്ന സംഘം ഹൃദയഅറയ്ക്കുള്ളിലെ മുഴ നീക്കം ചെയ്‌തത്. ഗർഭപാത്രത്തിലെ മുഴയ്ക്ക് 20 സെന്റീമീറ്ററും ഹൃദയഅറയിലെ മുഴയ്ക്ക് ഏഴുസെന്റീമീറ്ററും വലിപ്പമുണ്ടായിരുന്നു. ശസ്ത്രക്രിയാസംഘത്തില അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. തുഷാര, ഡോ. ശീതൾ, പെർഫ്യൂഷനിസ്റ്റ് രേവതി, തിയേറ്റർ നഴ്സുമാരായ ഷൈനി, സൂര്യ, രൂപ എന്നിവരുമുണ്ടായിരുന്നു. ഒരാഴ്ചയ്ക്കുശേഷം രോഗി പൂർണആരോഗ്യവതിയായി ആശുപത്രി വിട്ടു. അപൂർവമായ ശസ്ത്രക്രിയയാണ് വിജയിച്ചതെന്ന് കാർഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. അബ്ദുൾ റഷീദ് പറഞ്ഞു.