വിദേശങ്ങളിലെ കോർപ്പറേറ്റ് സ്ഥാപനങ്ങളും പ്രൊഫഷണൽ കോളേജുകളും സർക്കാർ സ്ഥാപനങ്ങളും ആശയ വിനിമയ അപഗ്രഥനം അഥവ ട്രാൻസാക്‌ഷണൽ അനാലിസിസ് അവരുടെ ട്രെയിനിംഗിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു.നമ്മുടെ നാട്ടിലും പല സ്ഥാപനങ്ങളും ഇത് ട്രെയിനിംഗിന്റെ ഭാഗമാക്കാൻ തുടങ്ങി. നമുക്ക് ഓരോരുത്തർക്കും ജീവിതാഭിവൃദ്ധിയും മാനസിക സമാധാനവും നേടിത്തരുന്നാണ് ട്രാൻസാക്‌ഷണൽ അനാലിസിസ് .
എന്താണ് ആശയ വിനിമയ അപഗ്രഥനം?
ട്രാൻസാക്‌ഷണൽ അനാലിസിസ് അഥവാ ആശയ വിനിമയ അപഗ്രഥനം എന്ന പദ്ധതി അവതരിപ്പിച്ചത് എറിക് ബേൺ എന്ന മനഃശാസ്ത്രജ്ഞനാണ്.സിഗ്‌മണ്ട് ഫ്രായിഡിന്റെ മാനസികാപഗ്രഥന കണ്ടെത്തലുകളുടെ ചുവട് പിടിച്ചായിരുന്നുഅദ്ദേഹം ഈ സിദ്ധാന്തം അവതരിപ്പിച്ചത് . മനുഷ്യരുടെ സംഭാഷണങ്ങളിലൂടെ അവരുടെ ഉൾക്കാഴ്ച മനസ്സിലാക്കാൻ ഫ്രായിഡിന് കഴിഞ്ഞിരുന്നു. ആശയ വിനിമയത്തിലെ അപഗ്രഥനത്തിലൂടെ ഈ ഉൾക്കാഴ്ചയെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിയുമെന്ന് ബേൺ തെളിയിച്ചു.
നാം ജനിക്കുമ്പോൾ നമ്മുടെ ഉള്ളിൽ വാസനാപ്രേരിതമായ പ്രവൃത്തികൾ (Instinctual drive - Id) ഉണ്ടായിരിക്കും. ഒരു കുട്ടി കത്തുന്ന വിളക്കിന്റെ തിരി എടുക്കാൻ ശ്രമിക്കുന്നതും പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിന്റെയും കാരണമിതാണ്.
ഈ സ്ഥിതി നമ്മെ അപകടത്തിലേക്ക് നയിക്കും എന്നുള്ളതിനാൽ നമ്മുടെ മനസ് പുതിയൊരു മാനസിക നില രൂപപ്പെടുത്തുന്നു. തന്നെപ്പറ്റി തനിക്കുള്ള ബോധം/യാഥാർത്ഥ്യബോധം (Ego) എന്ന നിലയിലേക്ക് നാം എത്തിച്ചേരുന്നു. തിരിച്ചറിവ് എന്നും ഈ അവസ്ഥയെക്കുറിച്ച് പറയാനാകും.
മാതാപിതാക്കളുമായുള്ള സഹവാസത്തിലൂടെ, സാമൂഹിക നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുവാനുള്ള അന്തഃകരണ ശക്തി (Super Ego) പിന്നീട് നമ്മിൽ രൂപപ്പെടുന്നു.പിന്നീടങ്ങോട്ട് എല്ലായ്പ്പോഴും നമ്മുടെ ആശയ വിനിമയങ്ങളിൽ ,ചിന്താധാരകളിൽ, പെരുമാറ്റ രീതികളിൽ എല്ലാം ഈ മൂന്ന് അവസ്ഥകളും സ്വാധീനം ചെലുത്തുന്നു.എറിക് ബേൺ ഈ മൂന്ന് മാനസിക നിലകളും എങ്ങനെ നമ്മുടെ ആശയ വിനിയമത്തിലും വ്യക്തി ബന്ധങ്ങളിലും സ്വാധീനം ചെലുത്തുന്നു എന്ന് അപഗ്രഥിച്ച് അവയ്ക്ക് ചൈൽഡ്, അഡൽറ്റ്, പേരന്റ് എന്നിങ്ങനെ മൂന്ന് അവസ്ഥകളാക്കി തിരിച്ച് ട്രാൻസാക്‌ഷണൽ അനാലിസിസ് എന്ന സിദ്ധാന്തം അവതരിപ്പിച്ചു.നാം ഓരോരുത്തരും കടന്നു പോകുന്നത് നമ്മിൽ അന്തർലീനമായിരിക്കുന്ന ഇൗ മൂന്ന് മാനസിക നിലകളിലൂടെയാണ് .ചില സന്ദർഭങ്ങളിൽ നമ്മുടെ പെരുമാറ്റം ഒരു കുട്ടിയെപ്പോലെയും ചിലപ്പോൾ വളരെ യാഥാർത്ഥ്യബോധത്തോടെയും മറ്റ് ചിലപ്പോൾ സാമൂഹ്യ നിയമങ്ങൾക്ക് അനുസൃതമായി/ധർമ്മാധർമ്മ വിവേചനപരമായുംമാറും.
പ്രബലമായ നില കണ്ടെത്തണം
വ്യക്തികൾ തമ്മിലുള്ള ആശയ വിനിമയത്തിൽ ഈ മൂന്ന് മാനസിക നിലകളും നമ്മിൽ മാറിയും മറിഞ്ഞും പ്രത്യക്ഷമാകുന്നു. ഈ മൂന്ന് അവസ്ഥകളും എല്ലാ മനുഷ്യരിലും ഉണ്ടെങ്കിലും ഓരോ വ്യക്തിയിലും ഇതിൽ ഏതെങ്കിലും ഒരു മാനസിക നിലയാകും പ്രബലമായി നിൽക്കുന്നത്. അത് ഏതാണ് എന്ന് നാം ഓരോരുത്തരും കണ്ടെത്തുക എന്നതാണ് ട്രാൻസാക്‌ഷണൽ അനാലിസിസിന്റെ ആദ്യപടി.
അപഗ്രഥനത്തിന്റെ പ്രസക്തി
നാം ആദ്യമായി ഒരു വ്യക്തിയെ കാണുന്നു. അവർ തിരികെ കാണുന്നു. പിന്നീട് അത് ലോഹ്യം പറയലായി മാറുന്നു. അങ്ങനെ രണ്ട് വ്യക്തികൾ തമ്മിൽ ഒരു ബന്ധം ഉടലെടുക്കുന്നു.
മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു പോസിറ്റീവ് ട്രാൻസാക്‌ഷനാണ്. രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം മോശമായി മാറുന്ന നെഗറ്റീവ് ട്രാൻസാക്‌ഷനും സംഭവിയ്ക്കാം. ഈ നിലകളെ ശരിയായ വിധത്തിൽ അറിഞ്ഞ് പെരുമാറാൻ ശ്രമിക്കുക. അതുപോലെ തന്നെ നാം ഇടപെടുന്ന വ്യക്തികളിലും ഈ മൂന്ന് നിലകളും ഉണ്ടെന്നും അവരും ഈ മൂന്ന് മാനസിക നിലകളിലൂടെ ആണ് കടന്നുപോകുന്നവരാണെന്നും എപ്പോഴും ഓർമ്മിക്കുക. ഈ തിരിച്ചറിവാണ് ട്രാൻസാക്‌ഷണൽ അനാലിസിസ് ട്രെയിനിംഗിലൂടെ നാം സ്വായത്തമാക്കുന്നത്.
( ലേഖകൻ മോട്ടിവേഷണൽ സ്പീക്കറും കോർപ്പറേറ്റ് ട്രെയിനറുമാണ് ഫോൺ :9495835988
www.banarji.com )