തിരുവനന്തപുരം: സമ്പൂർണ്ണ ബഡ്ജറ്റ് വകുപ്പ് തിരിച്ചുള്ള ധനാഭ്യർത്ഥനകളോടെ പാസ്സാക്കുന്നതിന് നിയമസഭയുടെ അടുത്ത സമ്മേളനം മാർച്ച് മൂന്നിന് ആരംഭിച്ചേക്കും. അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇതുസംബന്ധിച്ച് ഗവർണറോട് ശുപാർശ ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ഇന്നലെ പ്രത്യേക മന്ത്രിസഭായോഗം ചേർന്നെങ്കിലും വിവിധ ഓർഡിനൻസുകൾ പുനർവിജ്ഞാപനം ചെയ്യാനുള്ള തീരുമാനമാണുണ്ടായത്. കഴിഞ്ഞയാഴ്ച നിയമസഭാസമ്മേളനം അവസാനിച്ച സ്ഥിതിക്കാണ് ഓർഡിനൻസുകൾ വീണ്ടും വിജ്ഞാപനം ചെയ്യേണ്ടി വന്നത്. സഭ ചേരുന്നതോടെ ഓർഡിനൻസുകൾ ഫലത്തിൽ ഇല്ലാതാകും. ഇനി മാർച്ച് ആദ്യമാണ് നിയമസഭാസമ്മേളനം ആരംഭിക്കുന്നത് .ഇല്ലാതായ ഓർഡിനൻസുകൾ പുനർവിജ്ഞാപനം ചെയ്തില്ലെങ്കിൽ നിലനിൽക്കില്ല.
മാർച്ച് മൂന്നിന് ആരംഭിച്ച് ഏപ്രിൽ ആദ്യവാരം വരെ നീളുന്ന തരത്തിലായേക്കും അടുത്ത സഭാസമ്മേളനം . വിവിധ വകുപ്പുകളിന്മേലുള്ള ധനാഭ്യർത്ഥനകൾക്ക് മാത്രമായി 13 ദിവസം വേണം. പുറമേ ധനകാര്യബില്ലും ധനവിനിയോഗ ബില്ലും പാസ്സാക്കണം. സ്വകാര്യ അംഗങ്ങളുടെ ദിവസമായ വെള്ളിയാഴ്ചകളും ശനി, ഞായർ അവധി ദിനങ്ങളും ഒഴിവാക്കിയാൽ ധനകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കാൻ മാർച്ച് അവസാനം വരെ വേണ്ടി വരും. ചില ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും കൂടി പരിഗണിക്കാനാണ് ഏപ്രിൽ ആദ്യവാരം വരെ സമ്മേളനം നീട്ടുന്നത്.