general

ബാലരാമപുരം: ഇടറോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാതെ കരമന-കളിയിക്കാവിള ദേശീയപാത അടച്ച് നടത്തുന്ന വികസന പ്രവർത്തനം വാഹനഗതാഗതം താറുമാറാക്കി. കരമന-കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം –കൊടിനട ഭാഗത്തെ വികസനമാണ് നടക്കുന്നത്. നിർമ്മാണജോലികൾ മൂന്നു മാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയതിനെ തുടർന്ന് കരാറുകാരായ യു.എൽ.സി.എസിന്റെ ആവശ്യപ്രകാരം ഈ റൂട്ടിൽ പൂർണതോതിൽ ഗതാഗതനിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ഇടറോഡുകളുടെ വികസനത്തിന് തുക പാസായി പണി തുടങ്ങാനിരിക്കെയാണ് ഗതാഗതക്രമീകരണം ഏർപ്പെടുത്തിയത്.

പാരൂർക്കുഴിപ്പാലത്തിന്റെ പണികൾ പൂർത്തീകരിച്ചാലുടൻ ബാലരാമപുരം മുതൽ പ്രാവച്ചമ്പലം വരെ ഒരു ഭാഗത്ത് കൂടെ വാഹനം കടത്തിവിടാൻ സാധിക്കുമെന്ന് യു.എൽ.സി.എസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതോടെ താരതമ്യേന വീതികുറഞ്ഞ ഇടറോഡുകൾ കുണ്ടും കുഴിയും രൂപപ്പെട്ട് ഗതാഗതം വെല്ലുവിളിയായിരിക്കുകയാണ്.

ഗതാഗതം പൂർണമായി ഒഴിവാക്കിയ മുടവൂർപ്പാറ –മുക്കമ്പാലമൂട് റോഡിൽ നാട്ടുകാരുടെയും സ്കൂൾ വിദ്യാർത്ഥികളുടെയും പരാതിയെതുടർന്ന് ബസുകൾ ഇതുവഴി കടത്തിവിടുന്നുണ്ട്.

നെയ്യാറ്റിൻകര ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങൾ കടത്തിവിട്ട പുന്നമൂട്-പള്ളിച്ചൽ വഴിയിൽ വെടിവെച്ചാൻകോവിൽ ജംഗ്ഷൻ മുതൽ പുന്നമൂട് വരെ 100 മീറ്ററോളം പൂർണ്ണമായും തകർന്നനിലയിലാണ്. പ്രാവച്ചമ്പലത്ത് നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുന്ന ചാനൽപ്പാലം –റസ്സൽപ്പുരം റോഡിൽ ട്രാൻസ്ഫോമറിന് സമീപം ടാർ പൂർണ്ണമായും ഒലിച്ചുപോയിരിക്കുകയാണ്. മുക്കമ്പാലമൂട് വെടിവെച്ചാൻകോവിൽ റോഡിലും കുഴികൾ വാഹനയാത്രയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്.

കരമന-കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരം,​ വെടിവെച്ചാൻകോവിൽ,​ മുക്കമ്പാലമൂട് ഭാഗത്തെ ഗതാഗതക്രമീകരണം റോഡിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായിമാറിയെന്ന് മരാമത്ത് വകുപ്പ്.തേമ്പാമുട്ടം –റസൽപുരം റോഡിന്റെയും പുന്നമൂട് –വെടിവെച്ചാൻകോവിൽ റോഡിന്റെയും ടെൻഡർ നടപടികൾ പൂർത്തിയായിരിക്കെയാണ് ഗതാഗതക്രമീകരണം റോഡിന്റെ പുനഃരുദ്ധാരണത്തിന് തടസ്സമായത്.