പാലോട്: 60 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന നന്ദിയോട്, ആനാട് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിക്കായി നന്ദിയോട് പഞ്ചായത്തിലെ കൊച്ചു താന്നിമൂട്ടിൽ നിർമ്മാണം പൂർത്തിയായ സ്റ്റോറേജ് പ്ലാന്റ്, എയർ ക്ലാരിയേറ്റർ, രണ്ട് ഫ്ളാഷ് മിക്സർ, ക്ലാരിഫയർ ഫോക്കുലേറ്റർ എന്നിവയുടെ സമീപത്തെത്താൻ വഴിയില്ല.
കുടിവെള്ള പദ്ധതിക്കായി വസ്തുവാങ്ങിയ സന്ദർഭം മുതൽ തന്നെ വഴിതർക്കം നിലനിന്നിരുന്നു. തുടർന്ന് പദ്ധതി നടത്തിപ്പിൽ തടസം നേരിടും എന്ന ഘട്ടത്തിൽ റോഡു പുറമ്പോക്കിൽ കൂടി വഴി വെട്ടി പ്ലാന്റിലേക്കുള്ള ഗതാഗതം സുഗമമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന റോഡ് വികസനത്തെ തുടർന്ന് പുറമ്പോക്ക് കൈയേറി നിർമ്മിച്ച വഴി ഇടിച്ചു നിരപ്പാക്കിയതോടെയാണ് കുടിവെള്ള പ്ലാന്റിലേക്കുള്ള വഴി ഇല്ലാതായത്.
ഇനി വഴി കിട്ടണമെങ്കിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്വകാര്യ വസ്തു ഉടമകളിൽ നിന്നും വസ്തു വാങ്ങണം. അതിന് ഇനിയും കാലതാമസമെടുക്കുമെന്നതിനാൽ രണ്ടു പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമത്തിനും ഉടനെയൊന്നും പരിഹാരമാകില്ല.