തിരുവനന്തപുരം: വെള്ളായണി ദേവീക്ഷേത്രത്തിൽ മൂന്നുവർഷത്തിലൊരിക്കൽ നടക്കുന്ന കാളിയൂട്ട് മഹോത്സവത്തിന് തുടക്കമായി. ഇന്നലെ രാവിലെ ദേവീസ്തോത്രങ്ങളാൽ ഭക്തസാന്ദ്രമായ അന്തരീക്ഷത്തിൽ തങ്കത്തിരുമുടി പുറത്തേക്ക് എഴുന്നള്ളിച്ചു. 70 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ സമാപന ചടങ്ങായ നിലത്തിൽപ്പോരിനും ആറാട്ടിനും ശേഷമേ ദേവിയുടെ കിരീടമായ തിരുമുടി ഇനി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കൂ. അതുവരെ നാലു ദിക്കുകളിലും ഓരോ മേഖലയിലെയും വീടുകളിലുമാണ് ദേവിക്കുള്ള നിറപറപൂജ. സന്ധ്യയ്ക്ക് നടന്ന ഭക്തിനിർഭരമായ ആദ്യ കളങ്കാവലിന് ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. മൂത്തവാത്തി ശിവകുമാർ തിരുമുടി തലയിലെഴുന്നള്ളിച്ചു. ഇന്ന് രാവിലെ രണ്ടാമത്തെ കളങ്കാവൽ നടക്കും. നാളെ രാത്രി ഉച്ചബലിക്ക് ശേഷം പള്ളിച്ചൽ ദിക്കുബലിക്കായി പുറപ്പെടും. തുടർന്ന് ആ മേഖലയിലെ വീടുകളിൽ നിറപറ പൂജ നടക്കും.