തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്റ ഡി.ജി.പി ആയ ശേഷം പൊലീസ് നവീകരണത്തിനായി കഴിഞ്ഞ നാല് വർഷത്തിനിടെ സാധന സാമഗ്രികൾ വാങ്ങിയത് സ്റ്റോർ പർച്ചേസ് മാന്വൽ അനുസരിച്ചാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയിരുന്ന മറുപടിയെ പാടേ തള്ളുന്നതാണ് സി.എ.ജിയുടെ കണ്ടെത്തൽ. കഴിഞ്ഞ വർഷം ജൂണിലെ സമ്മേളനത്തിലാണ് പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയത്.
'സ്റ്റോർ പർച്ചേസ് റൂൾ പ്രകാരമാണ് പൊലീസ് സാധനസാമഗ്രികൾ വാങ്ങുന്നത്. കൂടാതെ, അക്രഡിറ്റഡ് ഏജൻസികൾ, സർക്കാർ, അർദ്ധ സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ മുഖാന്തരം സർക്കാർ നിഷ്കർഷിച്ചിട്ടുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിലുമാണ് വാങ്ങുന്നത്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പർച്ചേസ് പോർട്ടലുകളായ ജി.ഇ.എം, ഇ-പ്രൊക്യുർമെന്റ് എന്നിവ മുഖേനയും വാങ്ങുന്നുണ്ട് '- മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി. ബെഹ്റ ഡി.ജി.പിയായ ശേഷം 151.41കോടി രൂപയുടെ സാധനസാമഗ്രികൾ വാങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാൽ, സ്റ്റോർ പർച്ചേസ് മാന്വലുകൾ ലംഘിച്ചാണ് പൊലീസ് സാധനസാമഗ്രികൾ വാങ്ങിയതെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം.
ബഹ്റ വാങ്ങിയത്
151.41കോടിക്ക്
(മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്)
2016-17: 24,40,93,482രൂപ
2017-18: 46,79,43,547രൂപ
2018-19: 78,79,20,001രൂപ
2019-20: 141,84,000 രൂപ
ആകെ: 151,41,41,030