ബാലരാമപുരം:ദേശീയപാതയിൽ വെടിവെച്ചാൻകോവിൽ ജംഗ്ഷനിൽ ടിപ്പറിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. പള്ളിച്ചൽ ഭാഗത്തേക്ക് പോവുകയായിരുന്ന ദേശീയ പാത നിർമ്മാണ കമ്പനിയുടെ ടിപ്പറിനടിയിലേക്കാണ് പുന്നമൂട് ഭാഗത്തു നിന്നെത്തിയ ബൈക്ക് യാത്രക്കാരൻ അകപ്പെട്ടത്. പെടുന്നെനെ തന്നെ ടിപ്പറിനടിയിൽ നിന്ന് തെന്നി മാറിയതിനാൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു. ബൈക്ക് ടിപ്പറിനടിയിൽപ്പെട്ടതായി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടതും വാഹനം അൽപനേരം നിറുത്തിയതും അപകടം ഒഴിവാക്കുകയായിരുന്നു. ബൈക്കിന് പുറകിൽ വച്ചുകെട്ടിയിരുന്ന ചാക്കിന്റെ ഭാരം കാരണമാണ് ബൈക്ക് മറിയാനിടയായത്. കഴിഞ്ഞ ദിവസങ്ങളിൽ വെടിവെച്ചാൻകോവിൽ ജംഗ്ഷനിൽ ഗതാഗത തിരക്ക് വർദ്ധിച്ചിരുന്നു. ജംഗ്ഷനിലെ ഇടുങ്ങിയ റോഡിലൂടെയാണ് പുന്നമൂട് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നത്. നിലവിലെ ഗതാഗത ക്രമീകരണം വാഹനയാത്രികർക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്.