തിരുവനന്തപുരം: അപകടാവസ്ഥയിലുള്ള വള്ളക്കടവ് പാലത്തിലൂടെ ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് താത്കാലിക പാലത്തിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്നും പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയറോടും ട്രാഫിക് സൗത്ത് സബ്ഡിവിഷനോടും കമ്മിഷൻ നിർദ്ദേശിച്ചു. രാഗം റഹിം നൽകിയ പരാതിയിലാണ് നടപടി. മുന്നറിയിപ്പ് ലംഘിച്ച് കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. പുതിയ പാലം നിർമ്മിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. താത്കാലിക പാലത്തിന്റെ നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ നടക്കുകയാണെന്നും എക്‌സിക്യൂട്ടീവ് എൻജിനിയർ കമ്മിഷനെ അറിയിച്ചു.