തിരുവനന്തപുരം: വിവാഹത്തിന് തങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങളുടെ അവകാശം സ്ത്രീകൾക്ക് ലഭിക്കും വിധം നിയമ നിർമ്മാണം നടത്തണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. കമ്മിഷൻ ഇന്നലെ നടത്തിയ മെഗാ അദാലത്തിനു ശേഷം മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീധനം നിരോധിച്ചിട്ടും പല രൂപത്തിൽ തുടരുകയാണ്. ഇതിനെതിരെ ബോധവത്കരണം നടത്തും. കമ്മിഷനു മുന്നിലെത്തുന്ന സ്ത്രീധന സംബന്ധമായ പരാതികളിൽ കൂടുതലും സ്വർണവും പണവും ഭർത്താവിന്റെ വീട്ടുകാർ കൈക്കലാക്കിയതിനെ പറ്രിയാണ്. ഇത് പിന്നെ സ്ത്രീകൾക്ക് ഒരാവശ്യത്തിനും ലഭിക്കുന്നില്ല. ഭർത്താവോ വീട്ടുകാരോ വിൽക്കുകയോ മറ്റോ ചെയ്യുന്നു. വിവാഹ ജീവിതത്തിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സ്ത്രീകൾ മാത്രം ഒറ്റപ്പെടുന്ന അവസ്ഥ. സ്ത്രീകൾക്ക് മാത്രം അവകാശപ്പെട്ടതാണ് അവർക്ക് ലഭിക്കുന്ന വിവാഹസമ്മാനങ്ങളെന്ന പൊതുബോധം ഉണ്ടാകണം - ജോസഫൈൻ പറഞ്ഞു. 210 കേസുകൾ ഇന്നലെ പരിഗണിച്ചു. 47 എണ്ണം തീർപ്പാക്കി.